കോട്ടയം: എകെജി സെന്റർ സ്ഫോടനത്തിന് പിന്നാലെ കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ , കമ്മറ്റിയംഗം വിഷ്ണു ഗോപാൽ , വിഷ്ണു രാജേന്ദ്രൻ , അരുൺകുമാർ, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും.
വ്യക്തമായ തെളിവുണ്ടായിട്ടും ഡിസിസി ഓഫീസ് ആക്രമണ കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നത് വലിയ വിവാദമായിരുന്നു. എകെജി സെന്ററിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് കോട്ടയം ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്. സിപിഎമ്മുകാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി നേരത്തെ കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഡിസിസി ഓഫിസിനുണ്ടായ നാശനഷ്ടത്തിന്‍റെ കണക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിട്ടാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.
എകെജി സെൻ്ററിലെ സ്ഫോടനത്തിന് പിന്നാലെ കോട്ടയം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കണ്‍മുന്നില്‍ വച്ചാണ് ഡിസിസി ഓഫിസിനു നേരെ കല്ലുകളും തീപ്പന്തവും എറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരെയെല്ലാം പൊലീസ് തിരിച്ചറിയുകയും ഇവര്‍ക്കെതിരെ സ്വകാര്യ മുതല്‍ നശീകരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരെ മര്‍ദിച്ച കേസില്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടവര്‍ തന്നെയാണ് ഡിസിസി ഓഫിസ് ആക്രമിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
ഡിസിസി ഓഫിസിലേക്ക് തീപ്പന്തമെറിഞ്ഞത് കുമരകത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ എന്ന അമ്പിളിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേ അമ്പിളി നേരത്തെ മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോള്‍ പൊലീസ് സ്റ്റേഷനുളളില്‍ എസ്ഐയുടെ തൊപ്പി വെച്ച് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചതും വിവാദത്തിലായിരുന്നു. എന്നാല്‍ പ്രതികള്‍ നിരീക്ഷണത്തിലുണ്ടെന്നായിരുന്നു കോട്ടയം വെസ്റ്റ് പൊലീസിന്‍റെ വിശദീകരണം. നഷ്ടക്കണക്ക് വ്യക്തമാകാതെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയാല്‍ വേഗം ജാമ്യം കിട്ടുമെന്നാണ് പൊലീസ് ഭാഷ്യം