ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല. ഈയാഴ്ച അവസാനമോ അടുത്തയാഴ്ചയോ ഫലം പ്രസിദ്ധീകരിക്കുമെന്നാണു വിവരം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം ഇന്നും 12–ാം ക്ലാസ് ഫലം ഈ മാസം 10നും പുറത്തെത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണെന്നും ഫലം പുറത്തെത്താൻ ഏതാനും ദിവസങ്ങൾ കൂടി കഴിയുമെന്നും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ടു ടേം പരീക്ഷയിൽ ഓരോന്നിനും എത്രത്തോളം വെയിറ്റേജ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആദ്യ ടേം പരീക്ഷ കഠിനമായിരുന്നുവെന്നും ഈ സാഹചര്യത്തിൽ രണ്ടാം ടേമിനു വെയിറ്റേജ് വർധിപ്പിക്കണമെന്നുമുള്ള ആവശ്യം പലരും ഉയർത്തിയിട്ടുണ്ട്. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷ മേയ് 24നാണു പൂർത്തിയായത്. 12–ാം ക്ലാസ് പരീക്ഷ ഈ മാസം 15നും. ഐസിഎസ്‌ഇ(10) പരീക്ഷ മേയ് 20നും ഐഎസ്‌സി പരീക്ഷ ഈ മാസം 13നുമാണു കഴിഞ്ഞത്. ഭൂരിഭാഗം സംസ്ഥാന ബോർഡുകളും 10, 12 ക്ലാസ് ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
അതേസമയം പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ‘പരീക്ഷ സംഗം’ എന്ന പ്രത്യേക പോർട്ടൽ സിബിഎസ്ഇ ആരംഭിച്ചു. സ്കൂളുകൾ, റീജനൽ ഓഫിസുകൾ, സിബിഎസ്ഇ ബെഡ് ഓഫിസ് എന്നിങ്ങനെ 3 വിഭാഗങ്ങളുണ്ട്. സ്കൂളുകളുമായി ബന്ധപ്പെട്ട ഭാഗം ഗംഗ എന്നും റീജനൽ ഓഫിസുകളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന വിഭാഗത്തിനു യമുന എന്നുമാണു പേരു നൽകിയിരിക്കുന്നത്. ഹെഡ് ഓഫിസ് വിഭാഗം സരസ്വതി എന്ന പേരിലും അറിയപ്പെടും.
സ്കൂൾ വിഭാഗത്തിൽ പരീക്ഷാ റഫറൻസ് മെറ്റീരിയലുകൾ, പരീക്ഷാനന്തര പ്രവർത്തനങ്ങൾ, സംയോജിത ധനമിടപാടു സംവിധാനം, ഡിജിലോക്കർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റീജണൽ ഓഫിസുകളുടെ വിഭാഗത്തിൽ ഡേറ്റാ മാനേജ്മെന്റ്, സ്കൂളുകളുടെ വിവരശേഖരണം തുടങ്ങിയവ ലക്ഷ്യമാണ്. 10,12 പരീക്ഷാഫലം പ്രഖ്യാപിച്ചതിനു ശേഷം പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ കോപ്പിക്കും മറ്റും വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി അപേക്ഷകൾ റജിസ്റ്റർ ചെയ്യാനാകുമെന്നു സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.