കോഴിക്കോട്: ബാലുശ്ശേരിയിലെ ബൈപാസിനായി മുറവിളി കൂട്ടുന്നതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുമെന്ന് ആക്ഷേപം. നിരവധി പേരുടെ ഭൂമിയും കിടപ്പാടവും നഷ്ടമാകുന്ന ബൈപാസ് പദ്ധതി ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മൂന്നു വർഷമായി നിശ്ചലമായിരുന്നു. സർവേയടക്കം അനുവദിച്ചിരുന്നില്ല.
എന്നാൽ, ചില നേതാക്കളുടെ സമ്മർദപ്രകാരം ബൈപാസ് അനുകൂല പ്രചാരണം പുനരാരംഭിക്കുകയായിരുന്നെന്ന് ഭൂമി നഷ്ടമാകുന്നവർ പറയുന്നു. സ്ഥലം എം.എൽ.എയായ കെ.എം. സചിൻ ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ബദൽ റോഡായി മാത്രം ബൈപാസ് പരിഗണിക്കേണ്ടതില്ലെന്നാണ് സചിൻ ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഭൂമി ലഭ്യമാകുമെന്നുമുള്ള എം.എൽ.എയുടെ കുറിപ്പ് പദ്ധതിയുടെ നിഗൂഢ സ്വഭാവം സൂചിപ്പിക്കുന്നതാണെന്ന് ഇരകൾ ചൂണ്ടിക്കാണിക്കുന്നു. ബൈപാസ് കടന്നുപോകുന്ന വിശാലമായ പറമ്പുകളിൽ സ്വകാര്യ-സർക്കാർ കൂട്ടുകെട്ടിലൂടെ മോഡൽ സിറ്റിയാണ് വിഭാവനം ചെയ്യുന്നതെന്നാണ് എം.എൽ.എയുടെ വെളിപ്പെടുത്തൽ.
അടുത്തിടെ കോടികൾ മുടക്കി സംസ്ഥാന പാത സർക്കാർ നവീകരിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്കു മുമ്പുള്ള ബാലുശ്ശേരി അങ്ങാടിയിലെ തിരക്കിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കാണെന്ന് പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ബൈപാസ് നിർമാണം മഞ്ഞപ്പാലം റോഡിൽ നിന്ന് ആരംഭിക്കാനായിരുന്നു പദ്ധതി. എതിർപ്പ് ശക്തമായതിനാൽ ഉപേക്ഷിച്ചു. ബജറ്റിൽ 10 കോടി രൂപ അനുവദിച്ചതിനാൽ കാട്ടാമ്പള്ളി പെട്രോൾ പമ്പിന് സമീപത്തു നിന്ന് വളഞ്ഞുതിരിഞ്ഞ് ബാലുശ്ശേരി മുക്കിലെത്തുന്ന രീതിയിലാണ് പുതിയ അലൈൻമെന്‍റ്. 2.4 കിലോമീറ്റർ നീളമുള്ള ബൈപാസിനേക്കാൾ എളുപ്പത്തിൽ നിലവിലെ വിശാലമായ റോഡ് വഴി ബാലുശ്ശേരി പട്ടണം കടന്നുപോകാം.
ബാലുശ്ശേരി പോസ്റ്റ് ഓഫിസ് ഭാഗം മുതൽ ബസ് സ്റ്റാന്‍ഡ് വരെ റോഡരികിൽ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നുണ്ട്. ഓട്ടോകൾക്കും നഗരത്തിലെത്തുന്ന വാഹനങ്ങൾക്കും മതിയായ പാർക്കിങ് സൗകര്യമൊരുക്കിയാൽ സുഗമമായി യാത്ര ചെയ്യാം. വികസനത്തിന് അനുകൂലമാണെങ്കിലും ബൈപാസ് അത്യാവശ്യമല്ലെന്നും ജനങ്ങളുടെ എതിർപ്പുണ്ടെന്നും പ്രതിപക്ഷ പഞ്ചായത്ത് അംഗമായ ബീന പറഞ്ഞു. തൊട്ടപ്പുറത്ത് പനായിയിൽനിന്ന് നന്മണ്ടയിലേക്ക് ബൈപാസിന് സമാനമായ റോഡുണ്ട്. ഈ റോഡിന്‍റെ നവീകരണം പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.