തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും.
കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായി.
അപേക്ഷ എങ്ങനെ
www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കന്‍ഡറി സൈറ്റിലെത്തുക. തുടര്‍ന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്‌പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്, വ്യവസ്ഥകള്‍ പഠിക്കുക.
ഓണ്‍ലൈനായി മാത്രമാണ് അപേക്ഷാ സമര്‍പ്പണം. ഹയര്‍ സെക്കന്‍ഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക. മൊബൈല്‍ ഒടിപി വഴി പാസ്വേഡ് നല്‍കി വേണം അപേക്ഷ, ഓപ്ഷന്‍ സമര്‍പ്പണം, ഫീസടയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇതേ ലോഗിന്‍ വഴി തന്നെ. യൂസര്‍ മാനുവലിലും പ്രോസ്‌പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിര്‍ദേശങ്ങളുണ്ട്.
എട്ടാം അനുബന്ധത്തില്‍ ഫോമിന്റെ മാതൃകയും. അപേക്ഷയില്‍ കാണിക്കേണ്ട യോഗ്യതകള്‍, അവകാശപ്പെടുന്ന ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള രേഖകള്‍ കയ്യില്‍ കരുതണം. നമ്പറും തീയതിയും മറ്റും അപേക്ഷയില്‍ ചേര്‍ക്കേണ്ടിവരും. സൈറ്റില്‍ നിന്നു കിട്ടുന്ന അപേക്ഷാ നമ്പര്‍ എഴുതി സൂക്ഷിക്കുക. സാധാരണഗതിയില്‍ രേഖകളൊന്നും അപ്ലോഡ് ചെയ്യാത്തതിനാല്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ചാണ് സെലക്ഷന്‍. അപേക്ഷയില്‍ തെറ്റു വരാതെ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരും, 10-ാം ക്ലാസില്‍ Other (കോഡ് 7) സ്‌കീമില്‍ പെട്ടവരും നിര്‍ദിഷ്ടരേഖകള്‍ അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ തനിയെ തയാറാക്കി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്, അവര്‍ പഠിച്ച സ്‌കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയോ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളില്‍പ്പെട്ട എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌കുകളുണ്ട്.