തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ തുറന്ന് പറച്ചിൽ.
‘ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു.
സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല ഇല്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
ഒരാളെ പ്രതി ചേർക്കുന്നതിലെ തർക്കത്തിൽ വിചാരണ അനന്തമായി നീളുന്നു. ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുന്നത് സാങ്കേതികം മാത്രമാണ്. താൻ പറയുന്നത് വിശ്വസിക്കേണ്ടവർ വിശ്വസിച്ചാൽ മതി. ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരിൽ പുതിയ കേസ് ഉയർന്നു വന്നതെന്നുമാണ് ശ്രീലേഖയുടെ വാദം. ദിലീപിന്റെ അറസ്റ്റിൽ തെറ്റ് പറ്റി എന്ന് പോലീസ് പറഞ്ഞാൽ വിശ്വാസ്യത കൂടുക അല്ലെ ചെയ്യുക. അന്ന് മാധ്യമ സമ്മർദത്തിൽ അറസ്റ്റ് ഉണ്ടായി ഇന്നിപ്പോൾ തെളിവ് ഇല്ല എന്ന് പറഞ്ഞാൽ വിശ്വാസ്യത കൂടുമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.