തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും.
നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.
‘ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും’ ശ്രീലേഖ ഐപിഎസ് പറയുന്നു.
ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മർദ്ദ ഫലം എന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സർവീസിൽ വിരമിച്ച ഉദ്യോഗസ്ഥ സ്വന്തം യു ട്യൂബ് ചാനൽ വഴി ഇപ്പോൾ ഇങ്ങനെ പറയാനുള്ള കാരണം വ്യക്തമല്ല. ദിലീപിന്റെ അഭിഭാഷകർ വീഡിയോ പൊലീസിനെതിരെ തെളിവായി കോടതിയിൽ ഹാജർക്കാൻ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടേക്കാം.