പനാജി : നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ ഗോവയിൽ വിമത പ്രതിസന്ധിയിൽ വലഞ്ഞ് കോൺഗ്രസ്. ആകെയുള്ള 11 എംഎൽഎമാരിൽ 6 പേർ ബിജെപി പാളയത്തിലേക്ക് പോവുമെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവായിരുന്ന മൈക്കൾ ലോബോയുമാണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്.
ഇന്നലെ പാർട്ടി ആസ്ഥാനത്ത് വിളിച്ച എംഎൽഎമാരുടെ വാർത്താ സമ്മേളനത്തിന് 5 പേർ മാത്രമാണ് എത്തിയത്. പ്രതിസന്ധിയിൽ ഇടപെടാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഗോവയിലെത്തും.
മൈക്കൾ ലോബോയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ ഇന്നലെ മുഖ്യമന്ത്രി പ്രമോദ് സാവന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കി. ഇന്നത്തെ സഭാ സമ്മേളനത്തിന് പുതിയ ആളെ പ്രതിപക്ഷ നേതാവായി തീരുമാനിക്കും. വിമത നീക്കത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അടക്കമുള്ള ബിജെപി നേതാക്കളുടെ പ്രതികരണം.