പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് നടൻ അനുപം ഖേർ. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നത്.
”സിംഹമായാൽ ചിലപ്പോൾ പല്ല് കാണിച്ചെന്നുവരും. എല്ലാറ്റിനുപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്” -അനുപം ഖേർ ട്വീറ്റ് ചെയ്തു. പുതുതായി നിർമിച്ച അശോകസ്തംഭത്തിനെതിരെ പ്രമുഖരടക്കം വിമർശനവുമായി രംഗത്തെത്തുന്നതിനിടെയാണ് അനുകൂലിച്ച് അനുപം ഖേർ രംഗത്തെത്തിയത്. പ്രധാനമന്ത്രി മ്യൂസിയത്തിൽ നിന്നെടുത്ത വിഡിയോക്കൊപ്പമാണ് ട്വീറ്റ്. ട്വീറ്റിനൊപ്പം പ്രധാനമന്ത്രി സൻഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
എക്‌സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്‌തതിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ പാർട്ടികൾ ദേശീയ ചിഹ്നത്തെ പരിഷ്കരിച്ച് അപമാനിച്ചതായും ആരോപിച്ചിരുന്നു. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണെന്നുമായിരുന്നു ആർ.ജെ.ഡി ട്വീറ്റ്. തൃണമൂൽ കോൺഗ്രസും സ്തംഭത്തിനെതിരെ രംഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണ് പുതിയ സ്തംഭമെന്ന് പാർട്ടി രാജ്യസഭ വക്താവും പ്രസാർ ഭാരതി മുൻ സി.ഇ.ഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. മോദി സർക്കാർ ദേശീയ ചിഹ്നത്തെ അപമാനിക്കുകയാണെന്ന് മഹുവ മൊയ്ത്ര എം.പിയും ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
സർക്കാരിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാൻ പാടില്ലായിരുന്നെന്ന അഭിപ്രായവുമായി ഹൈദരാബാദ് എം.പിയും ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ തലവനുമായ അസദ്ദുദ്ദീൻ ഉവൈസിയും രംഗത്തെത്തി. പ്രധാനമന്ത്രി എല്ലാ ഭരണഘടന മാനദണ്ഡങ്ങളും ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, പ്രതിപക്ഷ ആരോപണത്തെ ബി.ജെ.പി തള്ളിയിരുന്നു. സമൂഹത്തിൽ എല്ലാം പരിണമിക്കുന്നു, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ഞങ്ങളും പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്കാരം സർക്കാർ നിലപാട് ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ബി.ജെ.പി നേതാവ് ചന്ദ്ര കുമാർ ബോസ് പറഞ്ഞു.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള ചിഹ്നത്തിന് യാതൊരു വ്യത്യാസവുമില്ലെന്നാണ് ഡിസൈനർമാരായ സുനിൽ ഡിയോറും റോമിയൽ മോസസും പ്രതികരിച്ചത്. സിംഹങ്ങളുടെ സ്വഭാവം ഒന്നുതന്നെയാണ്. വളരെ ചെറിയ വ്യത്യാസങ്ങളുണ്ടാകാം. ആളുകൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകാം. ഇതൊരു വലിയ പ്രതിമയാണ്, താഴെ നിന്നുള്ള കാഴ്ച ഒരു വ്യത്യസ്ത പ്രതീതി നൽകാമെന്നും അവർ പറഞ്ഞു.
ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവുമുള്ള വെങ്കലം കൊണ്ട് നിർമിച്ച കൂറ്റൻ അശോക സ്തംഭമാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിട്ടുണ്ട്. ക്ലേ മോഡലിങ്, കമ്പ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങി എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. 1,250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്.