ആലുവ: കാപ്പ നിയമ പ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിരന്തര കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഒരു വർഷമാക്കി നീട്ടി. നോർത്ത് പറവൂർ കോട്ടുവള്ളി അത്താണി വയലും പാടത്ത് വീട്ടിൽ അനൂപിന്റെ (പൊക്കൻ അനൂപ് 32) ശിക്ഷാകാലാവധിയാണ് ആറു മാസത്തിൽനിന്ന് ഒരുവർഷമാക്കി നീട്ടി സർക്കാർ ഉത്തരവായത്.
2020 ൽ മാത്രം മൂന്ന് കേസുകളിൽ ഉൾപ്പെട്ട ഇയാളെ 2020 നവംബറിൽ ആറ് മാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഈ ഉത്തരവിനെതിരെ ഇയാൾ കാപ്പ ഉപദേശകസമിതിയേയും ഹൈകോടതിയേയും സമീപിച്ചിരുന്നെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞ ജനുവരിയിൽ മാട്ടുപുറത്ത് വീട് ആക്രമിച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു.
ആലങ്ങാട്, പറവൂർ, കാലടി, നെടുമ്പാശേരി പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.