മുംബൈ : ഇന്ധനവില കുറച്ച് മഹാരാഷ്ട്രാ സർക്കാർ. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും നികുതി കുറയ്ക്കാനാണ് തീരുമാനിച്ചത്. ഇതോടെ പെട്രോൾ വില മുംബൈയിൽ 106 രൂപയും ഡീസൽ വില 94 രൂപയുമാവും. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വില കുറയ്ക്കുമെന്ന് ശിവസേനാ വിമത നേതാവും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ശിൻഡേ വാഗ്ദാനം ചെയ്തിരുന്നു. വിലക്കയറ്റം പിടിച്ച് നിർത്താനാണ് തീരുമാനമെന്ന് വാർത്താസമ്മേളനത്തിൽ ശിൻഡെ പറഞ്ഞു. വില കുറയ്ക്കുന്നതിലൂടെ വർഷം ആറായിരം കോടിയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടാവുക.
നവംബർ നാല്, മെയ് 22 തീയതികളിൽ കേന്ദ്ര സർക്കാർ വാറ്റ് കുറച്ചിരുന്നുവെന്നും സംസ്ഥാനങ്ങളോടും വില കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടെന്നും ഷിൻഡെ പറഞ്ഞു. എന്നാൽ, മുൻ മഹാവികാസ് അഘാഡി സർക്കാർ വില കുറച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനനികുതി കുറച്ചിരുന്നു. സാമ്പത്തിക സ്ഥിതി പഠിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ തീരുമാനിച്ചു. നികുതി കുറച്ചത് സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രവുമായി നിലനിന്ന തർക്കം അവസാനിപ്പിക്കാനുള്ള നിർണായക തീരുമാനവും മഹാരാഷ്ട്രാ സർക്കാർ സ്വീകരിച്ചു. പദ്ധതിയുടെ ആദ്യ സ്റ്റേഷൻ നിർമ്മിക്കാനുള്ള ഭൂമി ബാന്ദ്രാ കുർളാ കോംപ്ലക്സിൽ നിന്ന് വിട്ട് നൽകാൻ സർക്കാർ തീരുമാനിച്ചു. 2018ൽ ഇവിടെ സ്റ്റേഷൻ നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ ദേശീയ അതിവേഗ റെയിൽവേ കോർപ്പറേഷൻ തുടങ്ങിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഭൂമി വിട്ട് നൽകാത്തതിനാൽ പദ്ധതി നിർത്തി വെച്ചിരിക്കുകയായിരുന്നു.
മഹാവികാസ് അഖാഡി സർക്കാർ പദ്ധതിക്ക് എതിരായതാണ് കാരണം. പദ്ധതി അനുവദിക്കില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ബി ജെ പി പിന്തുണയുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ഭൂമി വിട്ട് നൽകാനുള്ള തീരുമാനം ആയത്.