തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസമായി തുടരുന്ന മഴ നാളെ മുതല്‍ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.
വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. തോരാതെ പെയ്തിരുന്ന മഴയ്ക്ക് കുറവുണ്ടെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ വടക്കന്‍ ജില്ലകളില്‍ തുടരുകയാണ്. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. തയ്യില്‍ തീരത്ത് കടലാക്രമണവും രൂക്ഷമാണ്. ഇരുപത് വീടുകളിലേക്ക് കടല്‍ കയറുമെന്ന അവസ്ഥയുണ്ട്. കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മൂഴിക്കലില്‍പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കൊറോത്ത് മീത്തല്‍ സാബിറയുടെ വീടിന്‍റെ അടുക്കള തകര്‍ന്നു. കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. നാദാപുരം, കക്കയം മേഖലകളിലാണ് മഴ കൂടുതല്‍. അതേസമയം മുക്കം, താമരശേരി പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞു. മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ദുരിതം തുടരുകയാണ്. കക്കയം ഡാമിന്‍റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയർത്തിയത് അടച്ചിട്ടില്ല.
പാലക്കാട്ടെ മലയോര മേഖലയിലും കാറ്റും മഴയും തുടരുകയാണ്. മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും താഴ്ത്തിയിട്ടില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതിനാലാണിത്. അട്ടപ്പാടി ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിയന്ത്രണം ചൊവ്വാഴ്ച വരെ തുടരും. മലപ്പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ മഴ കുറഞ്ഞെങ്കിലും എന്‍ഡിആര്‍എഫിന്‍റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. തൃശ്ശൂരില്‍ ചാവക്കാടില്‍ ശക്തമായ കാറ്റിലും മഴയിലും 20 വീടുകള്‍ക്ക് ഭാഗിക നാശം ഉണ്ടായി.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി. ജലനിരപ്പ് ഉയരുമെന്ന ആദ്യ ഘട്ട മുന്നറിയിപ്പ് തമിഴ‍്‍നാട് ഇന്നലെ നല്‍കിയിരുന്നു. വയനാട്, കാസർകോട് എന്നിവിടങ്ങളില്‍ മഴയുണ്ടെങ്കിലും ശക്തമല്ല. മണ്‍സൂണ്‍ പാത്തി ഇന്ന് മുതല്‍ വടക്കന്‍ മേഖലയിലേക്ക് നീങ്ങും. ഇതോടെ സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.