തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോസ്ഥരുടെ ഡാറ്റാ ബേസ് തന്നെ തയാറാക്കി പൂട്ടിടാൻ നിർദേശം നൽകി വിജിലൻസ് മേധാവി മനോജ് എബ്രഹാമിനറെ സർക്കുലർ. അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും, പിന്തുർന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്. അഴിമതിക്കാരെ കെണിയിൽ കുടുക്കി കൈയോടെ പിടിക്കുന്ന ട്രാപ്പ് കേസുകൾ കൂട്ടാനും നിർദേശമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരർക്ക് അവാർഡ് ഉൾപ്പടെയുള്ള നിർദേശങ്ങളും അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി നൽകിയ സർക്കുലറിൽ ഉണ്ട്.
അഴിമതിക്ക് പേരുകേട്ട ഉദ്യോഗസ്ഥരുടെ വിപുലമായ പട്ടിക തന്നെ തയാറാക്കും. ഇവ നിരന്തരം പുതുക്കും. ഈ ഉദ്യോഗസ്ഥരുടെ പിന്നിൽ എപ്പോഴും വിജിലൻസിന്റെ കണ്ണുണ്ടാകും. അഴിമതിക്ക് പേരുകേട്ട വകുപ്പുകളുടെ കാര്യവും ഇങ്ങനെത്തന്നെ. ഏതുനേരവും മിന്നൽ പരിശോധനകൾ പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങളിലും ഭീമൻ പർച്ചേസുകളിലും പ്രത്യേകം ശ്രദ്ധ വെക്കണമെന്ന് സർക്കുലറിൽ പറയുന്നു. പർച്ചേസ്, ഫയലുകളും പണവും കൈമാറ്റമെല്ലാം പരമാവധി ഓൺലൈനാക്കണം. ഇന്റലിജൻസ് ശക്തമാക്കി അനധികൃത സ്വത്ത് സമ്പാദനം കൈയോടെ പിടിക്കണം. പൊതുജന പങ്കാളിത്തത്തോടെ അഴിമതരഹിത കേരളം ആണ് ലക്ഷ്യം.
പുതിയ സോഫ്റ്റ് വെയറും ഡിജിറ്റൽ ഉപകരണങ്ങളും നൽകി അഴിമതി വിരുദ്ധ പോരാട്ടവും ഹൈടെക്കാക്കും. അഴിമതിക്കെതിരെ ശക്തമയ നടപടി, വേഗത്തിൽ കേസെടുക്കുക, പിഴവില്ലാതെ കുറ്റപത്രം നൽകുക, ശിക്ഷ ഉറപ്പാക്കുക ഇതാണ് നടപടി. അടിക്കടി മിന്നൽ പരിശോധനകൾ നടത്തുക, അന്വേഷണം കാര്യക്ഷമമാക്കുക, കുറ്റപത്രം താമസിക്കാൻ പാടില്ല. വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് വാർഷിക പരിശിലന കലണ്ടർ നിലവിൽ വരും. യൂണിറ്റ് തലത്തിൽ പരിശീലനം. സത്യസന്ധമായ പ്രവർത്തനത്തിന് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, നല്ല പ്രകടനത്തിന് വിജിലൻസ് ഉദ്യോഗസ്ഥർക്കും അവാർഡ് നൽകുന്നതും സർക്കുലറിലുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർ ബോധപൂർവ്വമല്ലാത്ത ഭരണപരമായ പിഴവുകളിൽ ക്രൂശിക്കപ്പെടരുതെന്നും സർക്കുലറിൽ പറയുന്നു.