കോഴിക്കോട് : മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്ക്കര( 55)നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലിൽ കുടുങ്ങി ചെളിയിൽ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നരിക്കുനിയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.ടി മെഡിക്കൽ കോളേജ് ജീവനക്കാരി പ്രമീളയാണ് ഭാസ്ക്കരൻ്റെ ഭാര്യ. മക്കൾ: അഭിനന്ദ്, ഭവ്യ, ഇരുവരും വിദ്യാർഥികളാണ്. സംസ്ക്കാരം ഇന്ന് നടക്കും.
അതേസമയം ഇന്നലെ തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒഴിക്കിൽപ്പെട്ട യുവാക്കളിലൊരാളെ രക്ഷിച്ചെങ്കിലും മറ്റെയാളെ കാണാതായി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.
ഒരാളെ സംഘം തന്നെ കരയ്ക്ക് എത്തച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച സമയത്താണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയത്. പൊലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയിൽ തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പതങ്കയത്ത് വെള്ളത്തിൽ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജലാശയങ്ങളിൽ ശക്തമായ ഒഴുക്കും വെള്ളവുമാണ് തെരച്ചിലിന് തടസ്സമാകുന്നത്.