അബുദാബി: യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബുദാബിയിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്‍ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.
ജോലി ചെയ്‍തിരുന്ന ഫാമില്‍ 14 കഞ്ചാവ് ചെടികളാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. മയക്കുമരുന്ന് വിതരണത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുള്ള പ്രോത്സാഹനത്തിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം ചെടികള്‍ ഫാമില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഫാമിന്റെ ഉടമ സ്ഥിരമായി ഫാമില്‍ എത്തിയിരുന്നില്ല. ഇത് ഉപയോഗപ്പെടുത്തിയായിരുന്നു കഞ്ചാവ് കൃഷി. ഓരോ ഫാം ഉടമകളും, തങ്ങളുടെ തൊഴിലാളികള്‍ എന്താണ് ചെയ്യുന്നതെന്ന കാര്യം നിരീക്ഷിക്കണമെന്നും തൊഴിലാളികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. ഫാമുകളില്‍ തൊഴിലാളികളെ നിയമ ലംഘനം നടത്താനോ നിരോധിത വസ്‍തുക്കള്‍ സൂക്ഷിക്കാനോ കഞ്ചാവ് പോലുള്ള ലഹരി വസ്‍തുക്കള്‍ കൃഷി ചെയ്യാനോ അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
കഞ്ചാവ് ചെടികള്‍ പോലുള്ളവ ശ്രദ്ധയില്‍പെട്ടാല്‍ അവ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയില്‍ മയക്കുമരുന്നിനെതിരെ ജാഗത പുലര്‍ത്താന്‍ പൊലീസിനൊപ്പം പൊതുജനങ്ങളും കൈകോര്‍ക്കണം. മയക്കുമരുന്നുകളെക്കുറിച്ചോ അല്ലെങ്കില്‍ അവ കടത്തുന്നവരെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 999 എന്ന നമ്പറലോ അല്ലെങ്കില്‍ 8002626 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു