തിരുവനന്തപുരം : മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു. സ്വർണക്കടത്തു കേസില്‍ നിന്നു വഴിതിരിച്ച് വിടാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും അമിത അധികാര കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത്. ഇതൊരു പ്രതിഷേധം മാത്രമാണെന്ന് ആദ്യത്തെ പ്രതികൾക്ക് ജാമ്യം നൽകികൊണ്ട് ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞതാണ്. ഇതൊരു വധശ്രമം ആയിരുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വധശ്രമത്തിനുള്ള വകുപ്പ് ഉൾപ്പെടുത്തി ശബരീനാഥനെ ജയിലിൽ അടയ്ക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ജാമ്യം ലഭിച്ചതിലൂടെ തകർന്നത്’’ – സതീശൻ പറഞ്ഞു.
‘‘സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന സമരമാണത്. ആ സമരം തീർച്ചയായും ഇനിയും തുടരും. അതിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള നിരവധി സംഭവങ്ങളുണ്ടായി. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിൽ ഓലപ്പടക്കം എറിഞ്ഞതും സജി ചെറിയാൻ ഭരണാഘടനാ വിരുദ്ധ പ്രസ്താവന നടത്തിയതും എം.എം.മണി സ്ത്രീത്വത്തെ അപമാനിച്ചതുമെല്ലാം ഈ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ്. മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണം. ആ നിലപാടിൽ ഞങ്ങള്‍ ഉറച്ചുനിൽക്കുന്നു’’ – സതീശൻ പറഞ്ഞു.