സന്‍ ഫ്രാന്‍സിസ്കോ: സ്റ്റാറ്റസ് അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്. സ്റ്റാറ്റസിന് ഇനി ഇമോജി റിയാക്ഷൻ നൽകാനാകും. ആൻഡ്രോയിഡ് ഫോണുകൾ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മെസെജിന് ആറ് വ്യത്യസ്‌ത ഇമോജികളുള്ള റിയാക്ഷൻ നൽകാനാകുന്ന സെറ്റിങ്സ് നേരത്തെ അവതരിപ്പിച്ചിരുന്നു.
ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റ 2.22.16.10 അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.മെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ബീറ്റയ്‌ക്കായി അപ്‌ഡേറ്റ് ചെയ്‌ത ഗാലറി വ്യൂവും പുറത്തിറക്കുന്നതായി റിപ്പോർട്ട്.
വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കറായ വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് ഫോണുകളിലെ സ്റ്റാറ്റസ് റിയാക്ഷൻ വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങും. എട്ട് ഇമോജികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്‍ഖെ സഹോദര സ്ഥാപനങ്ങളായ ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും ഈ ഫീച്ചർ ലഭ്യമാണ്. മെസേജിംഗ് പ്ലാറ്റ്‌ഫോം ആൻഡ്രോയിഡിനുള്ള 2.22.16.10 ബീറ്റ ഉപയോഗിച്ച് ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി അപ്‌ഡേറ്റ് പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത്.
സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള റിയാക്ഷൻ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് വിവരങ്ങൾ വന്നിരിക്കുന്നത്. ഫീച്ചർ വരുന്നതോടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇഷ്ടം, സ്നേഹം, ചിരി, സങ്കടം തുടങ്ങിയ റിയാക്ഷനുകൾ ഇടാൻ കഴിയും.
ഹൃദയക്കണ്ണുകളുള്ള ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കൂപ്പുകൈകളുള്ള വ്യക്തി, കൈകൊട്ടുന്ന മുഖം, സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞ മുഖം, തുറന്ന വായയുള്ള മുഖം, പാർട്ടി പോപ്പർ, നൂറ് പോയിന്റ് ഇമോജി എന്നിവയാണ് വരുന്ന എട്ട് ഇമോജികളിലെ പ്രധാന താരങ്ങൾ.
ബീറ്റാ ടെസ്റ്ററുകളിൽ ഇതുവരെ ഈ ഫീച്ചർ ലഭ്യമായിട്ടില്ല. എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കും മുൻപ് ഇനിയും എഡിറ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിൻഡോസ് ആപ്പിനായി വാട്ട്‌സ്ആപ്പ് ബീറ്റയിൽ റീക്രിയേറ്റ് ചെയ്ത ഗാലറിയുടെ റോളൗട്ടും വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2227.2.0-നുള്ള ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണ്.