കോഴിക്കോട് : അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ജിഎസ്ടി ഏർപ്പെടുത്തിയ നടപടിക്കെതിരെയും അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും വൈദ്യുതിച്ചാർജ് വർധനയ്ക്കെതിരെയും സമരം നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 14 ജില്ലകളിലും 27ന് കലക്ടറേറ്റുകൾക്കു മുന്നിൽ സമരം നടത്തും.
ബ്രാൻഡ് ചെയ്തിട്ടുള്ള അരിക്കും ഭക്ഷ്യവസ്തുക്കൾക്കുമായിരുന്നു മുൻകാലങ്ങളിൽ 5 ശതമാനം ജിഎസ്ടി ഉണ്ടായിരുന്നത്. ഇപ്പോൾ റീപാക്ക് ചെയ്ത് വിൽക്കുന്ന അരി ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കൾക്കും പാൽ ഒഴികെയുള്ള പാലുൽപ്പന്നങ്ങൾക്കും സർക്കാർ 5 ശതമാനം ജിഎസ്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടാക്കും. കുത്തക ഭീമന്മാരായ വൻകിട കമ്പനികളെ ഒഴിവാക്കിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്.
സാധനങ്ങൾ കേടുകൂടാതെ പാക്ക് ചെയ്ത് നൽകുന്ന കവറുകളുടെ പേരിലും മിഠായികളിലുള്ള പ്ലാസ്റ്റിക് സ്റ്റിക്കറിന്റെ പേരിലും കേസെടുത്ത് ഉദ്യോഗസ്ഥർ വൻതുക ഫൈൻ ഈടാക്കുകയാണ്. എന്നാൽ സപ്ലൈകോ, മിൽമ എന്നീ സ്ഥാപനങ്ങളിലൊന്നും പരിശോധനയും പിഴ ഈടാക്കലുമില്ലെന്നും പറഞ്ഞു.
സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം കെഎസ്ഇബി 1450 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് അവകാശപ്പെടുമ്പോൾ വൈദ്യുതിച്ചാർജ് വർധിപ്പിച്ച നടപടി ന്യായീകരിക്കാൻ കഴിയില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനും ബന്ധപ്പെട്ട മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി സമരത്തിലേക്ക് കടക്കുന്നതെന്ന് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി രാജു അപ്സര തുടങ്ങിയവർ പറഞ്ഞു.