കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കോടതി ഇന്ന് ഉത്തരവ് ഇറക്കുമെന്നാണ് സൂചന. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത . പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു.
സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്നാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
അതിനിടെ 2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. അഡ്മിഷന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ പരിഗണിക്കൂ.