ലക്നൗ: ഉദ്ഘാടനം ചെയ്ത് അഞ്ച് ദിവസം മാത്രമായ ഉത്തർപ്രദേശിലെ എക്സ്പ്രസ് വേ തകർന്നു. ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്.
മഴ കനത്തതോടെയാണ് റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നത്. ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ കിഡ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്ററുള്ള നാലു വരിപ്പാത ഏഴു ജില്ലകളിൽകൂടിയാണ് കടന്നുപോകുന്നത്. 8000 കോടി രൂപ മുടക്കി നിർമിച്ച പാതയാണ് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ ടാർ ഒലിച്ചുപോയി. റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടു. ചിരിയ, അജിത്ത്മൽ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡ് തകർന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അധികൃതർ പറയുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ബിജെപി നേതാവ് വരുണ്‍ ഗാന്ധി ഉൾപ്പെടെ നിരവധിപ്പേർ റോഡ് തകർന്നതിനെതിരെ രംഗത്തെത്തി. അഴിമതിയുടെ ഹൈവയാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വെ എന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.