നിരവധി വെളിപ്പെടുത്തലുകളിലൂടെ സംസ്ഥാന സർക്കാറിനെ സമ്മർദത്തിലാക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഒറ്റയാൾ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി സംവിധായകൻ സനൽകുമാർ ശശിധരൻ. കുറ്റാരോപിതയായ ഒരു വ്യക്തി എന്ന നിലയിൽ നിന്നും അനീതിക്കെതിരെ പോരാടുന്ന ഒരു ഒറ്റയാൾ പട്ടാളമായി സ്വപ്ന മാറിക്കഴിഞ്ഞു. കേരളത്തിലെ സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമാണ് സ്വപ്നയെന്നും സനൽകുമാർ ശശിധരൻ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
ഈ പോരാട്ടത്തിൽ സ്വപ്നക്ക് സംഭവിച്ചേക്കാവുന്ന അപകടകരമായ പ്രത്യാഘാതങ്ങളിൽ എനിക്കുള്ള ആശങ്കയും, അഹിതമായതൊന്നും സംഭവിക്കരുതേ എന്നുള്ള ആത്മാർഥമായ പ്രാർത്ഥനയും പങ്കുവെക്കുന്നു. കേരളത്തിന്റെ പൊതുജനമനസ്സിൽ സ്വപ്ന വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു എന്നത് തർക്കമില്ലാത്ത കാര്യമാണ്. കെണിയിൽ പെട്ട എലിയെപ്പോലെ ഭയന്നരണ്ട് ആശയക്കുഴപ്പത്തിലായ ഒരു രൂപത്തിൽ നിന്നും, ഗർജ്ജിക്കുന്ന സിംഹിണിയെ പോലുള്ള ഒരു സ്ത്രീരൂപത്തിലേക്കുള്ള താങ്കളുടെ വളർച്ച പ്രത്യാശ നൽകുന്നതാണ്, ആരാധനയുണർത്തുന്നതാണ് -സനൽകുമാർ ശശിധരൻ പറയുന്നു.