തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ ശശി തരൂരിനെ മെരുക്കി കോണ്‍ഗ്രസ്. ശശി തരൂര്‍ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂര്‍ കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞ തരൂരിന് വിശദമായ കുറിപ്പ് കൈമാറിയിരുന്നു. ഇതിന് തരൂര്‍ നല്‍കിയ മറുപടിയിലാണ് യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് പറയുന്നത്. ഇക്കാര്യം തരൂര്‍ തന്നെ പരസ്യമാക്കുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, തരൂരിന്റെ നിലപാടിനെതിരെ കെപിസിസി പരാതി നല്‍കിയിട്ടില്ലെന്ന് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയപ്പോള്‍, തരൂരിനെ എഐസിസി നിയന്ത്രിക്കണമെന്ന് കടുത്ത നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ തരൂരിലെ പരിഹസിച്ചുകൊണ്ടാണ് കെ.മുരളീധരന്‍ രംഗത്തെത്തിയത്. വല്ലാതെ വിശ്വ പൗരന്മാരെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോള്‍ പാര്‍ട്ടിക്കില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. 2024 ല്‍ തിരുവനന്തപുരത്ത് തരൂരിന് പകരം വേറെ ആളെ കണ്ടെത്താമെന്നും അദ്ദേഹം പരിഹസിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമ്പോഴും കല്ലുകടിയായി നിന്നത് തരൂരിന്റെ എവിടെയും തൊടാത്ത നിലപാടായിരുന്നു. തരൂരിനെ മെരുക്കിയതോടെ പ്രതിപക്ഷത്ത് ഐക്യമില്ലെന്ന വിമര്‍ശനത്തിന് മുനയൊടിക്കാനാകും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം തരൂരിനെ പ്രക്ഷോഭരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയുടെ നീക്കം.