ന്യൂഡൽഹി : രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് കേസ് ഡൽഹിയിൽ സ്ഥിരീകരിച്ചു. വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 34 വയസ്സുകാരൻ രോഗലക്ഷണങ്ങളോടെ 3 ദിവസം മുൻപാണ് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സ തേടിയത്. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ച സാംപിളിൽനിന്ന് ഇന്നലെയാണു രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.
രാജ്യത്ത് ഇതുവരെയുള്ള 3 കേസുകളും സ്ഥിരീകരിച്ചതു കേരളത്തിലായിരുന്നു. ഡൽഹിയിലും രോഗം റിപ്പോർട്ട് ചെയ്തതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, ദേശീയ രോഗ നിയന്ത്രണകേന്ദ്രം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. രോഗിയുമായി സമ്പർക്കത്തിലായവരെ ഐസലേഷനിലാക്കി. വിദേശയാത്രാ പശ്ചാത്തലം ഇല്ലെങ്കിലും ഹിമാചലിലെ മണാലിയിൽ നടന്ന ബാച്‌ലർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.