ന്യൂഡൽഹി : ഭക്ഷ്യസാധനങ്ങളുടെ വിലയക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ആർഎസ്എസ്. അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ജനങ്ങൾക്കു താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്ന കാര്യം വളരെ ഗൗരവമായെടുക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബെല ആവശ്യപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയതോടെ ധാന്യത്തിനും പാലുൽപന്നങ്ങൾക്കുമുള്ള വിലവർധന ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
ആർഎസ്എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര കർഷക സെമിനാറിലാണ് ദത്താത്രേയയുടെ വിമർശനം. അമുൽ മാനേജിങ് ഡയറക്ടർ ആർ.എസ്. സോധി വിലക്കയറ്റവുമായി ബന്ധപ്പെട്ടു ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ദത്താത്രേയ എടുത്തുപറഞ്ഞു. വിലക്കയറ്റം കുറയ്ക്കുമ്പോൾ അതിന്റെ ഭാരം കർഷകരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 75 വർഷം കൊണ്ട് കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടിയതിനു പുറമേ ധാന്യക്കയറ്റുമതിക്കു വരെ ഇന്ത്യ ശേഷി ആർജിച്ചതായും അതിന് നാളിതുവരെ ഭരിച്ച എല്ലാ സർക്കാരുകളും കൃഷിക്കാരും ശാസ്ത്രജ്ഞരും അഭിനന്ദനം അർഹിക്കുന്നതായും ആർഎസ്എസ് നേതാവ് പറഞ്ഞു.