ബ്രേക്ക്ഫാസ്റ്റായി നല്ല ചൂടുള്ള, പൂ പോലത്തെ ഇഡ്ഡലിയും ചമ്മന്തിയുമുണ്ടെങ്കില്‍ പിന്നെ വേറൊന്നും വേണ്ട, അല്ലേ? അതെ, മിക്ക വീടുകളിലും എപ്പോഴും ബ്രേക്ക്ഫാസ്റ്റായി തയ്യാറാക്കാറുള്ളൊരു പലഹാരമാണ് ഇഡ്ഡലി. ഉഴുന്നും അരിയും ചോറും എല്ലാമാണ് സാധാരണ ഇഡ്ഡലിക്ക് വേണ്ടിയുള്ള മാവിനായി ഉപയോഗിക്കുന്ന പ്രധാന ചേരുവകള്‍. ഇതിന് പുറമെ റവ കൊണ്ടും മറ്റും വ്യത്യസ്തമായ രീതികളില്‍ ഇഡ്ഡലി തയ്യാറാക്കുന്നവരുമുണ്ട്.
ഇവിടെയിതാ വ്യത്യസ്തമായ എന്നാല്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ഇഡ്ഡലിയെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ഷെഫ് കുനാല്‍ കപൂര്‍. ബട്ടര്‍ ഗാര്‍ലിക് ഗോലി ഇഡ്ഡലിയെന്നാണ് ഷെഫ് ഇതിനെ വിശേഷിപ്പിക്കുന്നത്.
നമ്മള്‍ ആവിയില്‍ അരിമാവ് കുഴച്ചുരുട്ടി പുഴുങ്ങിയെടുക്കാറില്ലേ? കൊഴുക്കട്ട എന്നെല്ലാം നാടൻ രീതിയില്‍ ഇതിനെ പറയാറുണ്ട്. തേങ്ങയോ മധുരമോ ഒന്നും ചേര്‍ക്കാതെ ഗോലി പരുവത്തില്‍ ഇങ്ങനെ അരിയുണ്ടകള്‍ തയ്യാറാക്കിയെടുക്കണം. ഇതുവച്ചാണ് ബട്ടര്‍-ഗാര്‍ലിക് ഗോലി ഇഡ്ഡലി ചെയ്യുന്നത്.
ഇവയ്ക്ക് പുറമെ ബട്ടര്‍ ( രണ്ട് ടീസ്പൂണ്‍), വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത് ഒരു സ്പൂണ്‍), പച്ചമുളക് (ചെറുതായി അരിഞ്ഞത് അര സ്പൂണ്‍), സവാള (ചെറുതായി അരിഞ്ഞത് മൂന്ന് സ്പൂണ്‍), കോണ്‍ നിബ്ലെറ്റ് ( ഒരു പിടി, ഇത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമായിരിക്കും. അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്തും വരുത്തിക്കാം. ), ചെറുനാരങ്ങ (പകുതി ), സ്പ്രിംഗ് ഒനിയൻ (അലങ്കരിക്കാൻ മാത്രം) എന്നിവയാണ് ബട്ടര്‍- ഗാര്‍ലിക് ഗോലി ഇഡ്ഡലിക്ക് ആവശ്യമായി വരുന്ന ചേരുവകള്‍.
ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു പാൻ ചൂടാക്കാൻ വച്ച് അതിലേക്ക് ബട്ടര്‍ വയ്ക്കുക. ഇത് ചൂടാകുമ്പോള്‍ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇതൊന്ന് വഴറ്റിയ ശേഷം സവാള, കോണ്‍ നിബ്ലെറ്റ് എന്നിവ കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇനിയിതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കാം. ഉടൻ തന്നെ അരിയുണ്ടകളും ചേര്‍ക്കണം. എല്ലാം നന്നായി യോജിച്ചുകഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് വാങ്ങിവയ്ക്കാം. ഇനിയിതില്‍ സ്പ്രിംഗ് ഒനിയൻ ചേര്‍ത്ത് അലങ്കരിക്കാം.
ചമ്മന്തിയോ ചട്ണിയോ ഒന്നും കൂടാതെ തന്നെ ഇത് കഴിക്കാവുന്നതാണ്. വേഗത്തില്‍ തയ്യാറാക്കാമെന്നതിന് പുറമെ തന്നെ കുട്ടികള്‍ക്കും എളുപ്പത്തില്‍ ഇഷ്ടപ്പെടാവുന്നൊരു വിഭവമാണിത്. ഷെഫ് കുനാല്‍ കപൂര്‍ പങ്കുവച്ച വീഡിയോ കൂടി കണ്ടുനോക്കൂ.