ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ ഇലക്കറിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്നും വിദഗ്ധർ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നിലനിർത്തുന്നതിന് ഇലക്കറികളിൽ അടങ്ങിയ വിറ്റാമിനുകൾക്ക് സാധിക്കും.
കരളിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇലക്കറികൾ. ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയും. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കും.
ഇലക്കറിയിൽ ഏറ്റവും മികച്ചതാണ് പാലക്ക് ചീര. പാലക്ക് ചീര പതിവായി കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ മികച്ചതാക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് നല്ല രീതിയിൽ ജലാംശം നൽകുകയും രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
പാലക്ക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്. പാലക്ക് ചീരയിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ചീരയിലെ പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ചീര സുരക്ഷിതമായി ചേർക്കാവുന്നതാണ്. പ്രമേഹമുള്ളവരിൽ ഓക്‌സിഡേറ്റീവ് സ്ട്രെസും സമ്മർദ്ദവുമായി ബന്ധപ്പെട്ട മാറ്റങ്ങളും തടയുന്നു. വിറ്റാമിൻ കെ യുടെ കുറവ് അസ്ഥി ഒടിവിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ കെ നൽകാൻ ചീരയ്ക്ക് കഴിയും.