കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് മാനന്തവാടി തവിഞ്ഞാൽ ഫാമിലെ 360 പന്നികളെയും കൊന്നു. ഞായർ രാത്രി പത്തിന് പന്നികളെ കൊല്ലാൻ തുടങ്ങിയ വിദഗ്‌ധ സംഘം തിങ്കൾ രാത്രിയോടെ മുഴുവനെണ്ണത്തിനെയും കൊന്നു. ഷോക്കേൽപ്പിച്ച് മയക്കിയശേഷം ഹൃദയധമനി അറുത്തായിരുന്നു പന്നികളെ കൊന്നത്. പിന്നീട് സമീപത്തെ കുഴിയിൽ പന്നികളെ കൂട്ടത്തോടെ സംസ്‌കരിച്ചു. ദൗത്യം പൂർത്തിയാക്കി ഫാമും പരിസരവും അണുവിമുക്തമാക്കിയ സംഘാംഗങ്ങൾ 24 മണിക്കൂർ സമ്പർക്ക വിലക്കിലും പ്രവേശിച്ചു.
തവിഞ്ഞാൽ കരിമാനിയിലെ മുല്ലപ്പറമ്പിൽ വിൻസന്റിന്റെ ഫാമിലെ ഒരുപന്നിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ ഒരു കിലോമീറ്റർ പരിധിയിൽ മറ്റ് ഫാമുകളില്ല. മാനന്തവാടി നഗരസഭ കണിയാരത്ത് പന്നികൾ കൂട്ടത്തോടെ ചത്ത ഫാമിന്റെ ഒരു കിലോമീറ്ററിനകത്തുള്ള മൂന്ന് ഫാമുകളിലെ പന്നികളെക്കൂടി കൊല്ലും. ഇത് ബുധനാഴ്‌ച ആരംഭിക്കും. അവസാനഘട്ട ജിയോ മാപ്പിങ്ങിൽ പരിധിയിലെ 80 പന്നികളെയാണ് കൊല്ലുകയെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ ജയരാജ് അറിയിച്ചു. രോഗവ്യാപനം തടയാൻ ജില്ലയിലേക്ക് പന്നികളെ എത്തിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.