ന്യൂഡൽഹി : ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നതിനു പിന്നാലെ, ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി രംഗത്ത്. ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെങ്കിലും, കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ൽ അധികം പേരാണെന്ന് ആംആദ്മി പാർട്ടി ചൂണ്ടിക്കാട്ടി. ഈ വർഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുകയാണ് ആംആദ്മി പാർട്ടി.
‘മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പക്ഷേ, കഴിഞ്ഞ 15 വർഷത്തിനിടെ അവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ൽ അധികം ആളുകളാണ്. ഏതു രാഷ്ട്രീയക്കാരാണ് ഇത്രയും വലിയ വ്യാജമദ്യ കൂട്ടായ്മയെ ചെല്ലും ചെലവും കൊടുത്ത് പരിപാലിക്കുന്നത്? മദ്യനിരോധനം നിമിത്തം പ്രതിവർഷം 15,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാരിനുണ്ടാകുന്നത്. പക്ഷേ, അവിടെ മദ്യം പരസ്യമായിത്തന്നെ വിൽക്കപ്പെടുന്നുമുണ്ട്. ആരുടെ പോക്കറ്റിലേക്കാണ് ഈ പണമെല്ലാം പോകുന്നത്?’’ – എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് ചോദിച്ചു.
ഗുജറാത്തിൽ വ്യാജമദ്യ കച്ചവടം തഴച്ചുവളരുന്നതുപോലെ, ഡൽഹിയിലും സമാനമായ വ്യവസായം പച്ചപിടിച്ചു കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിലെ പുതിയ മദ്യനയം വിവാദമാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ലഫ്.ഗവർണർ ശുപാർശ നൽകുകയും ചെയ്തിരുന്നു.
‘‘ഡൽഹി സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചതു മുതൽ ഈ ആളുകൾ വളരെ അസ്വസ്ഥരാണ്. നിയമപരമായി പ്രവർത്തിക്കുന്ന മദ്യക്കടകൾക്ക് പൂട്ടിട്ട്, വ്യാജമദ്യ വിൽപന തഴച്ചുവളരണമെന്നാണ് ഇവരുടെ ആഗ്രഹം. ഡൽഹിയിൽ നിലവിൽ 468 വൈൻ ഷോപ്പുകളുണ്ട്. അത് മുൻപത്തേക്കാൾ കുറവാണ് എന്നതാണ് വസ്തുത’ – ഭരദ്വാജ് ചൂണ്ടിക്കാട്ടി.