രാജ്യത്തെ ആദ്യത്തെ നിരക്കു കുറഞ്ഞ രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി. വിമാന പ്രവർത്തന മാനേജ്‌മെന്റിന്റെയും നിയന്ത്രണ, സുരക്ഷാ സംവിധാനങ്ങളുടെയും കർശനമായ വിലയിരുത്തലിന് ശേഷമാണ് റജിസ്‌ട്രേഷൻ പുതുക്കാനായത്.
കൊവിഡ് മഹാമാരിക്ക് ശേഷം അയാട്ട ആദ്യമായി നടത്തിയ ഓഡിറ്റായിരുന്നു ഇത്. ഗുണനിലവാരം, രാജ്യാന്തര തരത്തിൽ ശുപാർശ ചെയ്യപ്പെട്ട രീതികൾ, സുരക്ഷ, മെയിന്റനൻസ്, സാങ്കേതികവിദ്യ, വിമാന കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ തുടങ്ങി ആയിരത്തിലധികം കാര്യങ്ങളാണ് ഈ ഓഡിറ്റിൽ പരിശോധിക്കപ്പെട്ടത്.
“ഞങ്ങളുടെ അയോസ റജിസ്‌ട്രേഷൻ പുതുക്കുവാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. കൂടുതൽ വിമാനങ്ങളുമായി സർവീസുകൾ വർധിപ്പിക്കാനിരുന്ന സാഹചര്യത്തിലാണ് റജിസ്‌ട്രേഷൻ പുതുക്കുന്നുവെന്നത് കൂടുതൽ സന്തോഷം നൽകുന്നു. ഈ വിജയം എയർ ഇന്ത്യ എക്സ്പ്രസ്, പ്രവർത്തന സുരക്ഷയിൽ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ കൂടി തെളിവാണ്. കൂടാതെ അംഗീകരിക്കപ്പെട്ട രാജ്യാന്തര രീതികൾ പിന്തുടരുന്നുവെന്നതിന്റെയും” – എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിംഗ് പറയുന്നു.
രാജ്യന്തര തലത്തിൽ ചെറുതും ഇടത്തരവുമായ റൂട്ടുകളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 24 ബോയിങ് 737-800 വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇന്ത്യയിലെ ചെറു പട്ടണങ്ങളെപ്പോലും ഗൾഫിലേയും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും മേഖലകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് ബന്ധിപ്പിക്കുന്നു. ഗൾഫ്, മിഡിൽ ഈസ്റ്റ് മേഖലയിൽ എൽസിസി (നിരക്കു കുറഞ്ഞ വിമാന കമ്പനികൾ – ) വിഭാഗത്തിൽ മുൻ നിരയിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് എയർലൈനിന്റെ സ്ഥാനം. മാതൃ കമ്പനിയായ എയർ ഇന്ത്യയ്‌ക്കൊപ്പം എയർ ഇന്ത്യ എക്‌സ്പ്രസും ഇപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.
കേന്ദ്ര വ്യോമയാന മന്ത്രാലയവും FICCI യും ചേർന്നൊരുക്കിയ ‘വിംഗ്സ് ഇന്ത്യ അവാർഡ് 2022’ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസ് നേടിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ കാലത്തും ബിസിനസ് തുടർച്ച സാധ്യമാക്കിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായിയിരുന്നു ആ പുരസ്‌കാരം.