കോഴിക്കോട് : അഞ്ചു മിനിറ്റിനുള്ളിൽ ദിനോസറുകൾ ഉൾപ്പെടെ 134 ജീവികളെ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി നാലരവയസ്സുകാരനായ മലയാളി ബാലൻ. ടി.നഗർ പി.എസ്.ബി.ബി. സ്കൂളിൽ എൽ.കെ.ജി. വിദ്യാർഥിയായ പ്രണവ് വല്ലത്തായി ആണ് ഓർമ ശക്തിയിലൂടെ റെക്കോഡ് കരസ്ഥമാക്കിയത്. സ്ക്രീനിൽക്കണ്ട 134 ജീവികളെ തിരിച്ചറിഞ്ഞ് ശരിയായ പേര് പറഞ്ഞാണ് റെക്കോഡ്നേട്ടം സ്വന്തമാക്കിയത്. കോഴിക്കോട് എരഞ്ഞിപ്പാലം കുറ്റിനിങ്ങര വിപിൻ വല്ലത്തായിയുടെയും സിനി വിശ്വനാഥിന്റെയും മകനാണ്. ചെറുപ്പം മുതൽ മൃഗങ്ങളെയും പക്ഷികളെയും പറ്റി മനസ്സിലാക്കാൻ പ്രണവ് താത്പര്യം കാണിച്ചിരുന്നു. പലതരം ജീവികളെ നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞുതുടങ്ങിയതാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് അപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.