ദില്ലി : ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട് ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്. പ്രതിഷേധമുയർന്നിട്ടും ഇതുവരെയും നിരക്ക് കുറക്കാൻ വിമാനക്കമ്പനികളോ ഇടപെടാൻ കേന്ദ്രമോ തയ്യാറായിട്ടില്ല. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍നിന്നും കൊള്ളലാഭം കൊയ്യുന്നത്. അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ നാല്‍പതിനായിരം രൂപ വരെയായി ഉയർത്തിയ സാഹചര്യമുണ്ടായി.