തിരുവനന്തപുരം : 2019 ലെ ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബഫർ സോണിൽ സർക്കാർ നിലപാടാണ് ജനങ്ങൾക്ക് പ്രശ്നമായത്. സുപ്രീം കോടതി വിധിക്ക് കാരണവും മന്ത്രിസഭാ തീരുമാനമായിരുന്നു. പ്രതിപക്ഷം ശക്തമായ നിലപാട് എടുത്തതോടെയാണ് സർക്കാരിന് തിരുത്തേണ്ടിവന്നതെന്നും സതീശൻ പറഞ്ഞു.
ബഫർസോൺ ഉത്തരവിൽ തിരുത്തൽ വരുത്താൻ ഇന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ബഫർ സോൺ പരിധി ഒരു കിലോമീറ്ററാക്കിയുള്ള ഉത്തരവിൽ നിന്നും ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന നിയമോപദേശത്തിൻറ അടിസ്ഥാനത്തിലാണ് ആദ്യം തിരുത്താൻ വിസമ്മതിച്ച സർക്കാറിൻരെ മനം മാറ്റത്തിൻറെ കാരണം.
വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണാക്കി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിനെ ചൊല്ലിയുള്ള വിവാദം ഉയർന്നപ്പോൾ തന്നെ കേരളം തിരുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. സുപ്രീം കോടതി ഉത്തരവിന് സാമനമായിരുന്നു 2019 ലെ സംസ്ഥാന സർക്കാറിൻറെ ബഫർ സോൺ ഉത്തരവ്. ജനവാസകേന്ദ്രങ്ങളെ അടക്കം ഒരു കിലോമീറ്റർ പരിധിയായി ബഫർ സോൺ നിശ്ചയിച്ചായിരുന്നു ഉത്തരവ്.
സുപ്രീം കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ കേന്ദ്രത്തെയും കോടതിയെയും ആശങ്ക അറിയിക്കുമെന്നായിരുന്നു സംസ്ഥാന നിലപാട്. എന്നാൽ സ്വന്തം ഉത്തരവ് തിരുത്താതെ ദില്ലിക്ക് പോയിട്ട് കാര്യമില്ലെന്ന പ്രതിപക്ഷവും ജനകീയ സംഘടനകളുെ ആവശ്യപ്പെട്ടു. നിയമസഭയിൽ നടന്ന ചർച്ചകളിലടക്കം പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സർക്കാർ കടുംപിടുത്തം തുടർന്നു. ഒടുവിൽ സംസ്ഥാനം തിരുത്താതെ വീണ്ടും കോടതിയെ സമീപിച്ചാൽ തിരിച്ചടിക്കുമെന്ന് നിയമവിദഗ്ധർ ഉപദേശം നൽകി . ഇതാണ് ഒടുവിൽ ഉത്തരവ് തിരുത്താനുള്ള കാരണം.