തിരുവനന്തപുരം : കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്. താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. തെളിവുകളുണ്ടെങ്കില്‍ പോലീസിന് കൈമാറുകയാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തൊഴിലാളികളെ ആക്ഷേപിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.