കോഴിക്കോട് : നരിക്കുനിയിലെ പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർജിത്ത് (18) ആണ് പിടിയിലായത്. ജൂലൈ 25ന് രാത്രി 10.30നാണ് മേശ കുത്തിപ്പൊളിച്ച് 24,000 രൂപ കവർന്നത്. പെട്രോൾ പമ്പ് അടച്ച് മാനേജർ കളക്‌ഷനുമായി വീട്ടിലേക്കു പോയതിനു പിന്നാലെയായിരുന്നു സംഭവം. പിറ്റേന്നു ചെലവിനു വച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. റൂറൽ എസ്പി ആർ.കറുപ്പുസാമി, താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുന്ദമംഗലം ചൂലാംവയലിൽ വച്ച് ബുധനാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയത്.
കോഴിക്കോട് പ്രൈവറ്റ് ബസുകളിൽ ക്ലീനറായി ജോലി ചെയ്തിരുന്ന അമർജിത്ത്, ഒരാഴ്ച മുൻപാണ് നരിക്കുനി – കോഴിക്കോട് റൂട്ടിലോടുന്ന ബസിൽ പകരക്കാരനായി ജോലിക്ക് കയറിയത്. ഈ ബസ് രാത്രിയിൽ ഇതേ പമ്പിലാണ് നിർത്തിയിടുന്നത്. രാത്രി 10.30ന് ബസ് നിർത്തി ഡ്രൈവർ പോയശേഷം പമ്പിനടുത്തേക്കു വന്ന പ്രതി, ജീവനക്കാർ പമ്പ് പൂട്ടി പോകുന്നതുവരെ കാത്തിരുന്നു.
11 മണിയോടെ ബസിൽനിന്ന് സ്ക്രൂ ഡ്രൈവറും കമ്പിയും എടുത്ത് പമ്പിന്റെ ഡോർ കുത്തിപ്പൊളിച്ച് ഉള്ളിൽ കടന്ന് പണം മോഷ്ടിച്ചു. പമ്പിലെ സിസിടിവിയുടെ മോണിറ്റർ തകർത്ത് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. 12 മണിക്ക് അതുവഴി വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കോഴിക്കോട്ടെത്തി. പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ പ്രതി, സ്റ്റാൻഡിനടുത്തുള്ള കടയിൽനിന്ന് പുതിയ മൊബൈൽ ഫോണും ഹെഡ്സെറ്റും സ്മാർട്ട് വാച്ചും വാങ്ങി.
മോഷണം നടന്നതിന്റെ പിറ്റേദിവസം തന്നെ പമ്പിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അവ്യക്തമായ രൂപമാണ് ലഭിച്ചത്. പമ്പിലും പരിസരങ്ങളിലും സ്റ്റാൻഡിലും നിർത്തിയിടുന്ന ബസ് ജീവനക്കാരെയും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പമ്പിൽ നിർത്തിയിടുന്ന ബസിലെ ക്ലീനർ മുൻപ് ബൈക്ക് മോഷ്ടിച്ച കേസിൽപ്പെട്ടയാളാണെന്നു മനസ്സിലാക്കി. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.