തിരുവനന്തപുരം: പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കേഴ മാനിനെ കൊന്ന് കറിവച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. വെമ്പായം കുതിരകുളം ഈട്ടിമൂട് തോട്ടരികത്ത് വീട്ടിൽ ആർ.അൻഷാദ്(39), പച്ച പാലോട് കക്കോട്ട് കുന്ന് ശരൺ ഭവനിൽ കെ. സതീശൻ(39), കക്കോട്ട് കുന്ന് കൂരിമൂട് വീട്ടിൽ എസ്.എസ്.രാജേന്ദ്രൻ (49) എന്നിവർ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. കഴിഞ്ഞ മേയ് 10നാണ് പാലോട് റേഞ്ചിലെ പച്ചമല സെക്‌ഷൻ പരിധിയിൽ നിന്ന് പരിക്കേറ്റ കേഴമാനിനെ വനപാലകർ ഉൾപ്പെട്ട സംഘം കൊന്നു കറിവച്ചത്.
സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷജീദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ അൻഷാദ് സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്നെങ്കിലും വനംവകുപ്പ് കേസ് കടുപ്പിച്ചതോടെ ചൊവ്വാഴ്ച നാട്ടിലെത്തി റേഞ്ച് ഓഫിസർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിലാണ് രണ്ടു പേരെ കൂടി റേഞ്ച് ഓഫിസർ എസ്.രമ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.
ഇതിൽ സതീശന്റെ വീട്ടിലെത്തിച്ചാണ് മാനിനെ സംഘം കറിവച്ചതെന്നു വനംവകുപ്പ് പറഞ്ഞു. വീട്ടുവളപ്പിൽ കുഴിച്ചിട്ട മാനിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിയിട്ടുണ്ടെന്നും മാനിനെ കടത്തിയ വാഹനങ്ങൾ കണ്ടെടുക്കാനുണ്ടെന്നും അധികൃതർ പറഞ്ഞു.
സംഭവ ശേഷം റേഞ്ച് ഓഫിസർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റിയിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷജീദ്, താൽക്കാലിക വാച്ചർ ആയിരുന്ന സനൽരാജ് എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. സനൽരാജിനെ പിന്നീട് അറസ്റ്റ് ചെയ്തു.