ദില്ലി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു. മകള്‍ക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ നടത്തിപ്പ് വിവാദം കത്തിച്ച കോണ്‍ഗ്രസിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ ആദ്യം ആയുധമാക്കിയത് മന്ത്രി സ്‍മൃതി ഇറാനി. എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്‍റിലും പുറത്തും മാപ്പ് പറയണമെന്നും സ്‍മൃതി ഇറാനി ആവശ്യപ്പെട്ടു. പിന്നാലെ വിഷയം പാര്‍ലമെന്‍റിലെത്തി. അധിർ രഞ്ജന്‍ ചൗധരിയെ കൊണ്ട് ഇങ്ങനെ പറയിച്ചത് സോണിയ ഗാന്ധിയാണെന്ന് ലോക‍്‍സഭയില്‍ സോണിയയുടെ സാന്നിധ്യത്തില്‍ സ്‍മൃതി ഇറാനിആഞ്ഞടിച്ചു.
സ്‍മൃതിയെ പിന്തുണച്ച് ധനമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തി. അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും, സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ പ്രക്ഷുബ്ധമായ സഭ നിര്‍ത്തിവച്ചു. പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മനഃപൂര്‍വ്വം അങ്ങനെ വിശേഷിപ്പിച്ചതല്ലെന്നും, അറിയാതെ പറഞ്ഞുപോയതാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു. അധിര്‍ രഞ്ജന്‍ ഖേദപ്രകടനം നടത്തിക്കഴിഞ്ഞെന്ന് സോണിയാ ഗാന്ധിയും പ്രതികരിച്ചു. ആദിവാസി ജനതയെ കോണ്‍ഗ്രസ് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം മന്ത്രിമാര്‍ ശക്തമാക്കിയതോടെയാണ് വിശദീകരണവുമായി അധിര്‍ രഞ്ജന്‍ ചൗധരിയെത്തിയത്. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷത്തെ തിരിച്ചടിക്കാന്‍ കിട്ടിയ അവസരം സര്‍ക്കാർ ഉപയോഗിക്കുകയാണ്.