പത്തനംതിട്ട : കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് പദത്തിലേക്ക് വാശിയേറിയ പോരാട്ടം. പതിറ്റാണ്ടുകളായി ടി.നസിറുദ്ദീന്‍ ഇരുന്ന കസേരയാണിത്. നിലവില്‍ ഇപ്പോഴത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമായ രാജു അപ്സരയും സംസ്ഥാന വൈസ് പ്രസിഡണ്ടും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ പെരിങ്ങമല രാമചന്ദ്രനും തമ്മിലാണ് മത്സരം.
ടി. നസിറുദ്ദീന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കുഞ്ഞാവു ഹാജിയാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. നിലവില്‍ ഇദ്ദേഹം മത്സരിക്കുന്നില്ലെന്നാണ് അറിയുന്നത്. 13 ജില്ലകളില്‍ നിന്നായി 457 കൌണ്‍സിലര്‍മാരാണ് വോട്ടു ചെയ്യാന്‍ എത്തുന്നത്. തര്‍ക്കങ്ങള്‍ നിലവിലുള്ളതിനാല്‍ പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, അതിനാല്‍ ഇവര്‍ക്ക് വോട്ടവകാശം ഇപ്പോഴില്ല. ജൂലൈ 31 ന് കൊച്ചി കലൂരുള്ള റീനാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് തെരഞ്ഞെടുപ്പ്. അഭിഭാഷകരുടെ പാനല്‍ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ 9 ജില്ലകളുടെ പിന്തുണ രാജു അപ്സരക്ക് നല്‍കിയിട്ടുണ്ടെന്നു പറയുന്നു. കൊല്ലം, തിരുവനന്തപുരം, വയനാട്, തൃശ്ശൂര്‍ എന്നീ നാല് ജില്ലകളാണ് പെരിങ്ങമല രാമചന്ദ്രന് പിന്തുണ നല്‍കിയിട്ടുള്ളത്. ഓരോ ജില്ലയില്‍ നിന്നുമുള്ള കൌണ്‍സില്‍ അംഗങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകും. അതുകൊണ്ടുതന്നെ ജില്ലയുടെ എണ്ണക്കണക്കില്‍ വിജയം ഉറപ്പിക്കാനും കഴിയില്ല. ചെറിയ ജില്ലകളില്‍ നിന്ന് വോട്ടര്‍മാര്‍ കുറവായിരിക്കും. പത്തനംതിട്ട ജില്ലയില്‍ നിന്നും 20 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്, 59 പേര്‍.
പെരിങ്ങമല രാമചന്ദ്രന്‍ ഏകോപന സമിതിയിലെ മുതിര്‍ന്ന നേതാവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി. നസിറുദ്ദീനോട് ഏറ്റുമുട്ടിയ ഇദ്ദേഹം പരാജയപ്പെട്ടത് വെറും രണ്ടു വോട്ടുകള്‍ക്കാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കാറ്റ് അനുകൂലമല്ലെന്നുവേണം കരുതാന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാജു അപ്സര മാസങ്ങള്‍ക്ക് മുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. മികച്ച തന്ത്രശാലികൂടിയായ ഇദ്ദേഹം ഇതില്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനും കഴിയില്ല. കാരണം കച്ചവടക്കാരന്‍ ആരുടേയും മുമ്പില്‍ അവന്റെ മനസ്സ് തുറക്കാറില്ല എന്നത് തന്നെ. രഹസ്യ ബാലറ്റ് ആയതിനാല്‍ ചിത്രങ്ങള്‍ വ്യക്തമാകണമെങ്കില്‍ 31 വരെ കാത്തിരിക്കേണ്ടിവരും.