ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ വെട്ടിലാക്കി ബി.ജെ.പി എം.പി വരുൺ ഗാന്ധി വീണ്ടും വിമർശനവുമായി രംഗത്ത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘പാർലമെന്റിൽ സർക്കാർ നൽകിയ ഈ കണക്കുകൾ തൊഴിലില്ലായ്മയുടെ അവസ്ഥയാണ് പറയുന്നത്. എട്ടു വർഷത്തിനിടെ 22 കോടി യുവാക്കൾ കേന്ദ്ര വകുപ്പുകളിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഏഴ് ലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. രാജ്യത്ത് ഒരു കോടിയോളം അനുവദിച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ആരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി?’ -എന്നാണ് വരുണിന്‍റെ ചോദ്യം.
ഇത്തരത്തിൽ കേന്ദ്ര സർക്കാറിനെതിരെ നിരവധി വിമർശനങ്ങളാണ് വരൺ ഗാന്ധി ഉയർത്തിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കിയിട്ടും ഗംഗാ നദി എന്തുകൊണ്ടാണ് മലിനമാകുന്നത് എന്ന് ചോദ്യവുമായി അദ്ദേഹം ട്വിറ്ററിൽ രംഗത്തുവന്നിരുന്നു.
യു.പിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിൽ ദിവസങ്ങൾക്കകം കുഴികൾ രൂപപ്പെട്ടപ്പോളും സർക്കാറിനെ അദ്ദേഹം വിമർശിച്ചിരുന്നു. 15,000 കോടി ചെലവിൽ നിർമിച്ച എക്സ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ താങ്ങാൻ കഴിയുന്നില്ലെങ്കിൽ അതിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.