കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മുൻമന്ത്രി പാർത്ഥ ചാറ്റർജിക്കെതിരായ അന്വേഷണത്തിന് ഐബി സഹായം തേടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പാർത്ഥയുടെ ഒരു വീട്ടിൽ മോഷണം നടന്ന പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് ബ്യൂറോയുടെ സഹായം തേടിയത്. 24 പർഗാനസ് ജില്ലയിലെ വസതിയിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഴിമതിക്ക് തെളിവായ നിരവധി രേഖകൾ വീട്ടിൽ നിന്ന് കടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐബി സഹായം തേടിയത്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് ഇഡി തീരുമാനം. ഇതിന്റ ഭാഗമായി തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
കോടികളുടെ അഴിമതി വിവരം പുറത്ത് വന്നതോടെ പാര്‍ത്ഥ ചാറ്റര്‍ജിയെ മമത ബാനർജി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസിൽ ഇതുവരെ ഇഡി കണ്ടെത്തിയത് അൻപത് കോടി രൂപയാണ്. ഇതിന് പിന്നാലെയാണ് മന്ത്രിസഭയിൽ നിന്നും പാർത്ഥ ചാറ്റർജിയെ പുറത്താക്കിയത്. മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണവും സ്വർണ്ണവും ഇരുപത് പെട്ടികളിലായിട്ടാണ് മാറ്റിയത്. മന്ത്രിയുടെ അറസ്റ്റിനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റെയിഡിൻറെ ചിത്രങ്ങളും തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതോടെ അഞ്ചു ദിവസം പിടിച്ചു നിന്ന ശേഷമാണ് ഒടുവിൽ മുഖം രക്ഷിക്കാൻ തൃണമൂൽ നടപടി എടുത്തത്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കി. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ് തീരുമാനം എടുത്തത്.
കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ ഫ്ളാറ്റിൽ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. ഇന്നലെ ഒരു ഫ്ളാറ്റിൽ കൂടി പണം കണ്ടെത്തിയതോടെയാണ് തൃണമൂൽ കോൺഗ്രസിന് നടപടി എടുക്കേണ്ടി വന്നത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. അതേ സമയം, മമത ബാനർജിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി ബിജപി നിലപാട് കടുപ്പിക്കുകയാണ്.