പാലക്കാട്: വേലന്താവളം ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി നജീബ്, വടകര ചോമ്പാല സ്വദേശി രാമദാസൻ എന്നിവരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് എത്തിക്കാനാണ് കഞ്ചാവ് കടത്തിയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. റേഷനരി എന്ന വ്യാജേനയായിരുന്നു കടത്തൽ. പരിശോധനക്കായി തടഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ റേഷനരി ഉണ്ടെന്ന് പറഞ്ഞ് വാഹനവുമായി കടക്കാൻ ധിറുതി കാണിച്ചു. ഇതോടെ സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ഡിക്കിയിലും പിൻസീറ്റിലും ചാക്കിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിൽ അഭിഭാഷകരുടേതിന് സമാനമായ സ്റ്റിക്കർ പതിച്ചിരുന്നു.
ഉയർന്ന വില ലഭിക്കുന്ന കാക്കിനാട കഞ്ചാവ് ആണ് പിടികൂടിയത്. ഇതിന് വിപണിയിൽ ഒരു കോടിയിലധികം രൂപ വില മതിക്കുമെന്ന് പാലക്കാട് അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ പറഞ്ഞു. ഇൻസ്‌പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫിസർ ശിവശങ്കരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹരിക്കുട്ടൻ, ശരവണൻ, വേണുഗോപാലൻ വളതല എന്നിവർ പരിശോധനയിൽ പങ്കെടുത്തു.