റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നജ്‌റാന്‍, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
മക്ക-42, മദീന-43, റിയാദ്, ദമ്മാം-38, ജിദ്ദ-39 എന്നിങ്ങനെയാണ് ഇന്നത്തെ താപനില. കിഴക്കന്‍ പ്രവിശ്യ, റിയാദ് അല്‍ഖസീം, ഹായില്‍, മക്കയുടെ ഹൈറേഞ്ച് എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നല്‍, പൊടിക്കാറ്റ് എന്നിവയോട് കൂടിയ മഴ തുടരും.
ഇന്നലെയും സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലുമുണ്ടായിരുന്നു. ഇടിമിന്നലും കാറ്റും അകമ്പടിയായാണ് മഴ എത്തിയത്. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴ. അരുവികളിലും മലയോരപ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മഴ പെയ്ത്താരംഭിച്ചത്. ശക്തമായ പൊടിക്കാറ്റിന്റെ അകമ്പടിയിലാണ് മഴയെത്തിയത്. നല്ല മഴ ലഭിച്ചു. ദമ്മാം, ഉനൈസ, ബുറൈദ, ശഖ്റ, ഉശൈഖിര്‍, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചിരുന്നു.