ഭോപാൽ (മധ്യപ്രദേശ്) : ജബൽപുരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ 10 പേർ മരിച്ചു. ന്യൂ ലൈഫ് മെഡിസിറ്റി ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കെട്ടിടത്തിൽ തീപടർന്നു കഴിഞ്ഞിരുന്നു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നു പൊലീസ് പറഞ്ഞു.
30 കിടക്കകളുള്ള ആശുപത്രിയുടെ 3 നില കെട്ടിടത്തിൽ തീപിടിക്കുമ്പോൾ 25 രോഗികളും നൂറോളം ജീവനക്കാരും ഉണ്ടായിരുന്നു. മരിച്ചവരിൽ 4 പേർ രോഗികളാണെന്ന് ജബൽപുർ കലക്ടർ ടി.ഇളയരാജ പറഞ്ഞു. പരുക്കേറ്റ 10 പേർ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ സഹായം പ്രഖ്യാപിച്ചു.