കൊച്ചി: ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് ആവർത്തിച്ചു നയതന്ത്ര പാഴ്സൽ സ്വർണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. കോഴിക്കോട് വരാൻ മാത്രം കേന്ദ്രാനുമതി ലഭിച്ചിരുന്ന ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്തു കൊണ്ടുവന്നതു കൂടാതെ മുൻകൂട്ടി അനുമതി വാങ്ങാതെ സന്ദർശന പരിപാടിയിൽ മാറ്റം വരുത്തിയെന്നും സ്വപ്ന ആരോപിച്ചു. വീണ വിജയനു വേണ്ടി ഷാർജയിലെ ഐടി ഹബ്ബിന്റെ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ടു ക്ലിഫ് ഹൗസിൽ യോഗം ചേരാനായിരുന്നു ഇത്.
തിരുവനന്തപുരത്തെ പരിപാടിയെപ്പറ്റി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടില്ല. കോൺസുലേറ്റിന് ഇപ്രകാരമുള്ള ഷെഡ്യൂൾ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു ലഭിച്ചിട്ടുമുണ്ടായിരുന്നില്ല. സ്റ്റേറ്റ് പ്രോട്ടോക്കോൾ ജോയിന്റ് സെക്രട്ടറിയാണ് ഈ പ്രോഗ്രാം ഷെഡ്യൂൾ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ക്ലിഫ്ഹൗസ് യാത്ര നടത്താനാകില്ലെന്ന സാങ്കേതിക പ്രശ്‌നം ഉയർന്നപ്പോൾ മുഖ്യമന്ത്രിയുടെയും എം.ശിവശങ്കറിന്റെയും നിർദേശപ്രകാരം അന്നത്തെ ഐജി മനോജ് ഏബ്രഹാമിനോടു പറഞ്ഞു ലീലാപാലസിൽ നിന്നു രാജ്ഭവനിലേക്കുള്ള യാത്ര പുനഃക്രമീകരിക്കുകയും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തുകയുമായിരുന്നു – സ്വപ്ന പറഞ്ഞു.