പത്തനംതിട്ട: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും പമ്പ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത പ്രവചിക്കുന്നതിനാലും ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയില്‍നിന്നും ശബരിമലയിലേക്ക് ഭക്തരെ കയറ്റിവിടില്ല. വൈകുന്നേരം ആറിനു മുൻപ് ഭക്തര്‍ സന്നിധാനത്തുനിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്കു മാറണമെന്നും ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പഴ്‌സനുമായ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
മൂഴിയാർ–ഗവി റൂട്ടിൽ അരണമുടിയ്ക്കു സമീപം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയിലാണ് മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. ഗവി ഒറ്റപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അറയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രത. മൂഴിയാറില്‍ മലവെള്ളത്തില്‍ തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.