തിരുവനന്തപുരം : എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ഹോം പേജിൽ സ്കോർ കാണാം. ജൂലൈ 4ന് ആണ് പ്രവേശന പരീക്ഷ നടന്നത്. ഉത്തര സൂചിക സംബന്ധിച്ച പരാതികൾ വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തിയ ശേഷമാണ് സ്കോർ പ്രസിദ്ധീകരിച്ചത്.
ഒന്നാം പേപ്പറിലെ ഫിസിക്സ് വിഭാഗത്തിൽ നിന്നുള്ള മൂന്നു ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി. ഒന്നാം പേപ്പറിലെ നാലു ചോദ്യങ്ങളുടെ ഉത്തരത്തിൽ മാറ്റമുണ്ട്. രണ്ടാം പേപ്പറിലെ ചോദ്യങ്ങൾ ഒഴിവാക്കിയിട്ടില്ല. ഭേദഗതി വരുത്തിയ അന്തിമ ഉത്തരസൂചികയും വിശദാംശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ഉണ്ട്.
പ്രവേശന പരീക്ഷയുടെയും ഹയർസെക്കൻഡറി പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെയും സ്കോറിനു തുല്യ പരിഗണന നൽകി സമീകരിച്ച ശേഷമായിരിക്കും എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് ഫാർമസി റാങ്ക് പട്ടിക തയാറാക്കുന്നത്.അപേക്ഷയിലെ പിഴവു തിരുത്തുന്നതിനുള്ള രേഖകൾ നൽകാത്തവർ, മറ്റു ചില തടസ്സങ്ങൾ ഉള്ളവർ എന്നിവരുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ട്. ഒഎംആർ മൂല്യനിർണയം ആയതിനാൽ പ്രവേശന പരീക്ഷയ്ക്കു പുനർമൂല്യനിർണയമോ സൂക്ഷ്മ പരിശോധനയോ ഇല്ല.