കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേലിനെ കുരുക്കാന്‍ കച്ചകെട്ടി പോപ്പുലര്‍ നിക്ഷേപകര്‍. പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും മേരിക്കുട്ടി ദാനിയേല്‍ പ്രതിയായ 2014 ലെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2015 ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നടപടികള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സ്വത്തുവകകളും സാമ്പത്തിക സ്രോതസും അന്വേഷണ വിധേയമാക്കണമെന്നും നിക്ഷേകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.42 വര്‍ഷമായി ശരീരം തളര്‍ന്ന് കട്ടിലില്‍ കിടക്കുന്ന കൊല്ലം കുണ്ടറ സ്വദേശി ജോര്‍ജ്ജ് പണിക്കര്‍, ലുക്കീമിയ ബാധിച്ച കുട്ടിയുടെ മാതാവ് കാഴ്ച പരിമിതിയുള്ള കുമ്പനാട് സ്വദേശി പൊന്നമ്മ സാമുവല്‍, കോട്ടയം പാമ്പാടി സ്വദേശി ടിജു എബ്രഹാം എന്നിവര്‍ പി.ജി.ഐ സംഘടനയോടൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട്.
ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവരാണ് നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായത്. നിയമപരമായി ഏതറ്റം വരെയും പോകുമെന്നും തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് നീതിലഭിക്കുംവരെ തങ്ങള്‍ നിയമയുദ്ധം ചെയ്യുമെന്നും ന്യൂട്ടന്‍സ് ലോ അഭിഭാഷകര്‍ വ്യക്തമാക്കി.2014 ല്‍ കോന്നി പോലീസ് 1139/2014 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. മണി ലെണ്ടിംഗ് ലൈസന്‍സ് ഇല്ലാതെ പോപ്പുലര്‍ ട്രേടെഴ്സിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചതായിരുന്നു കേസ്. ആര്‍ .ബി.ഐയുടെ ലൈസന്‍സ് ഇല്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് ആര്‍.ബി.ഐയും പരാതിപ്പെട്ടിരുന്നു. കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ പ്രതികള്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേല്‍, മകനും കമ്പിനി മാനേജിംഗ് ഡയറക്ടറുമായ തോമസ് ദാനിയേല്‍ എന്ന റോയി എന്നിവരായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇത് ഒതുക്കിത്തീര്‍ക്കുവാന്‍ റോയി ശ്രമമാരംഭിച്ചു. മാധ്യമങ്ങള്‍ക്ക് സദ്യ വിളമ്പി, രാഷ്ട്രീയ നേതാക്കളെ ചായ സല്‍ക്കാരത്തിനു കൂട്ടി. അതുകൊണ്ടുതന്നെ ഈ കേസ് പുറത്താരും അറിഞ്ഞില്ല. ഏഴു വര്‍ഷത്തോളം ഈ കേസ് ഒതുക്കിവെക്കുവാന്‍ പോപ്പുലര്‍ റോയിക്ക് കഴിഞ്ഞുവന്നത് ചെറിയകാര്യമല്ല.
ഈ കേസില്‍ കോന്നി പോലീസ് ഇട്ട എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികള്‍ രണ്ടുപേരും കേരളാ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചില്ലെന്നു മാത്രമല്ല കേസ് സമഗ്രമായി അന്വേഷിക്കുവാനും ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്നും എ.ഡി.ജി.പി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സര്‍ക്കാര്‍ അന്വേഷണ ടീമിനെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം ഏഴു കഴിയുമ്പോഴും എന്താണ് ഇവര്‍ അന്വേഷിച്ചതെന്നും ആരൊക്കെയായിരുന്നു ഉദ്യോഗസ്ഥരെന്നുമുള്ള കാര്യങ്ങള്‍ മൂടിവെക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം സംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷയിലും വ്യക്തമായ മറുപടിയില്ല. ക്രൈംബ്രാഞ്ചിന്റെ വിവരങ്ങള്‍ ആയതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ നിരത്തിയത്.
2014 ലെ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി നടന്നില്ല എന്ന് വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ആരൊക്കെയോ പോപ്പുലര്‍ ഉടമകളെ വഴിവിട്ട് സഹായിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അന്ന് കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ കോടികളുടെ തട്ടിപ്പ് തടയാമായിരുന്നു. വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ മുക്കി. കൃത്യമായ പ്ലാനിങ്ങോടെ തട്ടിപ്പ് നടത്താന്‍ നീണ്ട ആറുവര്‍ഷം പോപ്പുലര്‍ ഉടമകള്‍ക്ക് കിട്ടി. ഇതിന് വഴിയൊരുക്കിയത് സര്‍ക്കാരും ചില ഉദ്യോഗസ്ഥരുമാണ്.ഇന്ന് മുപ്പതിനായിരം നിക്ഷേപകര്‍ പെരുവഴിയിലാണ്. പരാതിപ്പെട്ടവരുടെ കണക്കുപ്രകാരം 1200 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതില്‍ എത്രയോ ഇരട്ടിയാണ്. കള്ളപ്പണം നിക്ഷേപിച്ചവര്‍ ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. ഇതില്‍ ഓരോ നിക്ഷേപവും കോടികള്‍ വരുമെന്നാണ് സൂചന. ഒരു പ്രത്യേക സഭയിലെ വൈദികരുടെയും സഭാ പിതാക്കന്മാരുടെയും വന്‍ നിക്ഷേപം പോപ്പുലറില്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രതികളെ രക്ഷിക്കുവാന്‍ ഇവര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സഭയില്‍പ്പെട്ടവര്‍ കുറച്ചുപേര്‍ മാത്രമേ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്.
പരമാവധി നിക്ഷേപം സ്വീകരിച്ച് നാടുവിടുവാനായിരുന്നു പോപ്പുലര്‍ ഉടമകളുടെ പദ്ധതി. ഇതിന്റെ ആദ്യപടിയായി ചെയര്‍പേഴ്സന്‍ ആയ മേരിക്കുട്ടി ദാനിയേലിനെ ഓസ്ട്രേലിയയില്‍ നേരത്തെ എത്തിച്ചു. പോപ്പുലര്‍ റോയിയുടെ സഹോദരി ഷീലാ പെനാടത്തും ഭര്‍ത്താവ് വര്‍ഗീസ് പൈനാടത്തും ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരാണ്. ഇവിടെയാണ് മേരിക്കുട്ടി ദാനിയേലിന് അഭയം ഒരുക്കിയത്. മേരി റാണി പോപ്പുലര്‍ നിധി എന്നപേരില്‍ ഒരു നിധി കമ്പിനി രൂപീകരിച്ച് ഒരു മകളെ അവിടെ കുടിയിരുത്തി. തകരാന്‍ പോകുന്ന പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുമായി ഒരു ബന്ധവും ഇല്ലാത്ത നിലയിലാണ് ഈ നിധി കമ്പിനി രൂപീകരിച്ചത്. പോപ്പുലര്‍ ഫിനാന്‍സിലെ കോടികളുടെ നിക്ഷേപം ഇവിടേയ്ക്ക് വകമാറ്റിയിരുന്നുവെന്നും പറയുന്നു. ഏതെങ്കിലും തരത്തില്‍ മേരി റാണി പോപ്പുലര്‍ നിധി കമ്പിനിയെ കേസ് ബാധിച്ചാല്‍ അതില്‍നിന്നും രക്ഷപെടാനും നേരത്തെ ഇവര്‍ കരുക്കള്‍ നീക്കി. ഭര്‍ത്താവ് ഡോക്ടര്‍ വില്ലിയുമായി വിവാഹബന്ധം ഒഴിഞ്ഞതായി രേഖയുണ്ടാക്കുവാനും ഡോക്ടര്‍ കൂടിയായ റിനു മറിയം മടിച്ചില്ല. കോടതി രേഖകളില്‍ ബന്ധം ഒഴിഞ്ഞതാണെങ്കിലും ഇവര്‍ ഒരുമിച്ചായിരുന്നു താമസം.
മക്കളെ സുരക്ഷിതമായി ഓസ്ട്രെലിയയില്‍ എത്തിച്ചതിനു ശേഷം ആരും അറിയാതെ നാടുവിടുവാനായിരുന്നു റോയിയുടെയും ഭാര്യ പ്രഭയുടെയും പദ്ധതി. കോവിഡ് കാലത്തെ ലോക് ഡൌന്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. എയര്‍പോര്‍ട്ട് അടച്ചതോടെ ഇവര്‍ക്ക് രക്ഷപെടുവാന്‍ കഴിഞ്ഞില്ല. വിമാനത്താവളം തുറക്കുന്ന അവസരം കാത്തിരുന്നപ്പോഴാണ് പത്തനംതിട്ട മീഡിയാ ഈ തട്ടിപ്പ് ലൈവ് വീഡിയോയിലൂടെ പുറത്തെത്തിച്ചത്. ഇതോടെ ഇവര്‍ പ്രതിസന്ധിയിലായി. ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി സൈമണിന്റെ മുമ്പാകെ 45 ദിവസം സാവകാശം ചോദിച്ച് ഇവര്‍ കുറച്ചുകൂടി പിടിച്ചുനിന്നു. എന്നാല്‍ അനുദിനം പരാതിയുമായി നിക്ഷേപകര്‍ എത്തുകയും യഥാര്‍ഥ വാര്‍ത്തകള്‍ പത്തനംതിട്ട മീഡിയാ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതോടെ പോപ്പുലര്‍ തട്ടിപ്പുകാരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. മറ്റു മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ കൊടുക്കുവാന്‍ തയ്യാറായില്ല എന്നത് പോപ്പുലര്‍ റോയിയുടെ സ്വാധീനത്തെയാണ് കാണിക്കുന്നത്.
രക്ഷപെടാനുള്ള പഴുതുകള്‍ അടഞ്ഞതോടെ റോയിയും ഭാര്യ പ്രഭയും ഒളിവില്‍ പോയി. ഇവിടെ ഇരുന്നുകൊണ്ടുതന്നെ രണ്ടുമക്കളെ ദല്‍ഹി എയര്‍പോര്‍ട്ട് വഴി ഗള്‍ഫിലേക്ക് കടത്തുവാന്‍ ശ്രമിച്ചു. പോപ്പുലര്‍ കമ്പിനിയുടെ ഏറ്റവും വിശ്വസ്തനായ തൃശ്ശൂര്‍ സ്വദേശിയായ ഒരു ജീവനക്കാരനാണ് ഇതിനുള്ള സഹായങ്ങള്‍ ചെയ്തത്. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. ഡല്‍ഹി പോലീസ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇരുവരെയും തടഞ്ഞുവെച്ച് കേരളാ പോലീസിനെ വിവരം അറിയിച്ചു. രണ്ടു മക്കള്‍ അറസ്റ്റിലായതോടെ റോയിയും ഭാര്യ പ്രഭയും പോലീസിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. കര്‍ശനമായ ലോക് ഡൌന്‍ നിയന്ത്രണങ്ങളും പരിശോധനകളും നിലവിലുള്ളപ്പോഴാണ് രണ്ടുപ്രതികള്‍ കേരളത്തില്‍ നിന്നും ഡല്‍ഹി എയര്‍പോര്‍ട്ട് വരെ യാതൊരു തടസ്സവും ഇല്ലാതെ എത്തിയത്. ഇതിന്റെ പിന്നില്‍ ഏറെ ദുരൂഹതയുണ്ട്.