ന്യൂഡല്‍ഹി : ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍പിഎസ്) നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാന്‍ ഉടന്‍ അവസരമൊരുങ്ങും. നിലവില്‍ 2 തവണ മാത്രമേ ഇതിന് അനുവാദമുള്ളൂ. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരികള്‍, കമ്പനി കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, മറ്റ് സാമ്പത്തിക ആസ്തികള്‍ എന്നിങ്ങനെ വിവിധ ആസ്തികളില്‍ വീതിച്ചാണ് നിക്ഷേപിക്കുന്നത്. അനുപാതം മാറ്റാനുള്ള പരിധി ഉയര്‍ത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനാലാണ് പുതിയ നീക്കമെന്ന് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) ചെയര്‍മാന്‍ സുപ്രതീം ബന്ദോപാധ്യായ പറഞ്ഞു. പരിധി ഉയര്‍ത്തുന്നുണ്ടെങ്കിലും മ്യൂച്വല്‍ ഫണ്ട് പോലെ എന്‍പിഎസിനെ കാണരുതെന്നും വിവേകപൂര്‍വമായി മാത്രമേ അനുപാതം മാറ്റാവൂ എന്നും പിഎഫ്ആര്‍ഡിഎ മുന്നറിയിപ്പ് നല്‍കുന്നു.
സര്‍ക്കാരിന്റെ പെന്‍ഷന്‍ നിക്ഷേപ പദ്ധതികളില്‍ ജനകീയമായ ഒന്നാണ് എന്‍പിഎസ്. 18 വയസ്സു മുതല്‍ 70 വയസ്സുവരെ ജോലി ചെയ്യുന്ന ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരിയടക്കുള്ള വിവിധ സാമ്പത്തിക ആസ്തികളില്‍ വീതിച്ച് നിക്ഷേപിക്കാനും കഴിയും. സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ 10% നിക്ഷേപിക്കുമ്പോള്‍ 14% തുക സര്‍ക്കാരും ബാങ്കും നിക്ഷേപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പെടുന്ന ജീവനക്കാരുടെ പേരില്‍ കേരള സര്‍ക്കാര്‍ 10 ശതമാനമാണ് എന്‍പിഎസില്‍ നിക്ഷേപിക്കുന്നത്. മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഉടമയുടെ വിഹിതമായി നല്‍കുന്ന തുകയ്ക്ക് സ്ഥാപനത്തിനു നികുതി ഇളവ് ലഭിക്കും.