തിരുവനന്തപുരം : സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ നരുവാമൂട് പൊലീസിന്റെ പിടിയിലായി. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലേ പുത്തന്‍വീട്ടില്‍ നിന്ന് ഇപ്പോള്‍ തമിഴ്‌നാട് തിരുച്ചിയില്‍ താമസിക്കുന്ന ഗണേശന്‍ (44) ആണ് അറസ്റ്റിലായത്. നരുവാമൂട് ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ ഭാനുമതിയമ്മയുടെ മകള്‍ പത്മാവതിയെന്ന പത്മകുമാരി (52) യെ മൊട്ടമൂട് ഭാഗത്തുനിന്ന് സൈലോ കാറില്‍ തട്ടിക്കൊണ്ടുപോയി 40 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് ആദ്യ അറസ്റ്റ്.
ജൂലൈ 29നായിരുന്നു കേസിന്നാസ്പദമായ സംഭവം. കൃത്യത്തിനുശേഷം ഇവരെ പ്രതി ഉള്‍പ്പെട്ട സംഘം കാപ്പിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഗണേശന്‍ തമിഴ്‌നാട് ജി.വി പുരം സ്റ്റേഷനില്‍ കൊലപാതകക്കേസിലും നെയ്‌വേലി, ധാരാപുരം, തിരുപ്പൂര്‍, തിരുച്ചി, പറങ്കിപ്പൊട്ടെ, പുതുചത്രം എന്നീ സ്റ്റേഷനുകളില്‍ നിരവധി പിടിച്ചുപറി, മോഷണക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കാട്ടാക്കട ഡി വൈ എസ് പി സുരേഷ് കുമാറിൻറെ നിര്‍ദ്ദേശപ്രകാരമാണ് നരുവാമൂട് പൊലീസും ഷാഡോ ടീമും ഉള്‍പ്പെട്ട സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
അതേസമയം ഓണം അടുത്തതോടെ കേരളത്തിലേക്ക് മയക്കുമരുന്നുകളുടെ വരവ് വര്‍ധിച്ചിരിക്കുകയാണ്. മയക്കുമരുന്ന് പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസും എക്സൈസും. കഴിഞ്ഞ ദിവസം ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തിരൂരിര്‍ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഇന്‍റിലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടിയത്.