ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമക്ക് ആശ്വാസമേകുന്ന വിധിയുമായി സുപ്രീംകോടതി. പ്രവാചക നിന്ദയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒറ്റക്കേസായി ഡൽഹിയിൽ പരിഗണിക്കണമെന്ന നൂപുർ ശർമയുടെ അഭ്യർഥനയാണ് കോടതി ശരിവെച്ചത്.
പ്രവാചകനിന്ദയുടെ പേരിൽ ഒമ്പത് എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മ നേരിടുന്നത്. ഇവയെല്ലാം ഒറ്റ എഫ്.ഐ.ആറായി രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസാണ് ഇനി അന്വേഷണം നടത്തുക. അറസ്റ്റിൽ നിന്ന് നേരത്തെ ഇടക്കാല സംരക്ഷണം നൽകിയത് തുടരുമെന്നും കോടതി വ്യക്തമാക്കി.
ജൂലൈ ഒന്നിന് നൂപുർ ശർമക്കെതിരെ സുപ്രീംകോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷതേടി അവർ സുപ്രീംകോടതിയെ സമീപിക്കുകയും ആഗസ്റ്റ് 10 വരെ അറസ്റ്റ് കോടതി തടയുകയും ചെയ്തിരുന്നു. തന്റെ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനത്തിന് പിന്നാലെ തനിക്കും കുടുംബാംഗങ്ങൾക്കും നിരന്തരം ബലാത്സംഗ-വധഭീഷണി ലഭിക്കുന്നുണ്ടെന്ന് നൂപുർ ശർമ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ജൂലൈ ഒന്നിന് സുപ്രീം കോടതി നൂപുർ ശർമ്മയെ പരാമർശിച്ചുകൊണ്ട് നിർണായക നിരീക്ഷണങ്ങൾ നടത്തിയിരുന്നു. രാജ്യത്തിന് തീയിട്ട ശേഷം വിചാരണ നേരിടുന്നതിന് പകരം ഈ കോടതിയിൽ ആശ്വാസം ചോദിക്കാൻ ആ സ്ത്രീക്ക് ധൈര്യമുണ്ടായി എന്നാണ് സുപ്രീംകോടതി നൂപുർ ശർമയുടെ ഹരജി സംബന്ധിച്ച് പരാമർശിച്ചത്.
മേയ് 27ന് ‘ടൈംസ് നൗ’ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.