പാട്ന: ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്‍റെ നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ 2025ൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സർക്കാർ വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി. ജെ.ഡി.യു പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻ.ഡി.എക്ക് വോട്ട് ചെയ്ത ബീഹാറിലെ ജനങ്ങളെയും വഞ്ചിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
‘തേജ്വസിയുടെ ചരട് വലിയിൽ നീങ്ങുന്ന പുതിയ സർക്കാറിന്‍റെ പ്രർത്തനം എങ്ങനെയാണെന്ന് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,അടുത്ത തെരഞ്ഞടിപ്പിന് മുമ്പ് സർക്കാർ വീഴും’- സുശീൽ മോദി മാധ്യമങ്ങളോട് പറഞ്ഞു. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ അസുഖം മുതലെടുത്ത് നിതീഷ് കുമാർ ആർ.ജെ.ഡിയെ പിളർത്താൻ ശ്രമിക്കുകയാണന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ബി.ജെ.പിയിൽ നിന്നും ലഭിച്ച ബഹുമാനം നിതീഷ് കുമാറിന് ആർ.ജെ.ഡിയിൽ നിന്നും ലഭിക്കില്ലെന്ന് സുശീൽ മോദി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി(യു) അധ്യക്ഷൻ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. ഏഴുപാർട്ടികളടങ്ങിയ മഹാസഖ്യത്തിന് സ്വതന്ത്ര എം.എൽ.എയുൾപ്പടെ 164 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്.