പത്തനംതിട്ട : അടൂര്‍ ഏനാദിമംഗലത്ത് വയോധികരായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ നാല് പ്രതികളെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കൂടല്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ് (28), പുന്തലത്ത് വിളയില്‍ വിഷ്ണു പി നായര്‍ (20), ചെമ്പിലാപറമ്പില്‍ വീട്ടില്‍ അശ്വിന്‍ (22), തിരുവനന്തപുരം ഐരാക്കോട്‌മേലെ ബാഹുലേയന്‍ (59) എന്നിവരാണ് പിടിയിലായത്. ഇളമണ്ണൂര്‍ പാലമുറ്റത്ത് വീട്ടില്‍ സുലോചന, ഭര്‍ത്താവ് വേണുഗോപാലന്‍ നായര്‍ എന്നിവരെയാണ് മര്‍ദിച്ചത്. ഡിസംബര്‍ 23 ന് രാത്രി ഏഴിനാണ് സംഭവം. കുറുവടി കൊണ്ട് പരാതിക്കാരിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുഖം മറച്ചിരുന്നതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ച് സൂചന ലഭിച്ചു. ഈ വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. കേസിലെ ഒന്നാം പ്രതി ശ്രീരാജും പരാതിക്കാരി സുലോചനയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് പ്രതികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ടി.ഡി, എസ്.ഐ മനീഷ് എം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സൂരജ്, അന്‍സാജു, അമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാല്‍വര്‍ സംഘത്തെ വലയിലാക്കിയത്.